
ദീപാവലി പ്രമാണിച്ച് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പ്രത്യേക ഓഫറുകളുമായി എത്തിയിരിയ്ക്കുകയാണ്. ഉത്സവ സീസണിനോട് അനുബന്ധിച്ച് ഇന്ത്യയില്‍ ജാവ, യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇപ്പോള്‍ സൗജന്യ വാറണ്ടി നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിക്ക് പുറമെ നാല് വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടിയും സൗജന്യമായി ലഭിക്കും.
ഈ എക്സ്റ്റന്‍ഡഡ് വാറണ്ടി നാല് വര്‍ഷത്തേക്കോ 50,000 കിലോമീറ്ററുകളിലേക്കോ ബാധകമാണെന്ന് കമ്പനി പറയുന്നു. ഈ ഓഫര്‍ ദീപാവലി വരെ മാത്രമേ സാധുതയുള്ളൂവെന്നും മഹീന്ദ്ര ഗ്രൂപ്പിന്റെ കീഴിലുള്ള ജാവ യെസ്ഡി ബ്രാന്‍ഡ് പ്രത്യേകം പറയുന്നു.
രാജ്യത്തുടനീളമുള്ള ഏത് ജാവ യെസ്ഡി ഷോറൂമുകളിലും ഈ ഓഫര്‍ ഒരുക്കിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. ഇതിനു പുറമെ ആകര്‍ഷകമായ ഇഎംഐ ഓഫറുകളും ക്ലാസിക് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് വെറും 1,888 രൂപ മുതല്‍ ഇഎംഐകളോടെ മോട്ടോര്‍സൈക്കിളുകള്‍ ഇപ്പോള്‍ സ്വന്തമാക്കാനാവും. ജാവ ക്ലാസിക്, ജാവ 42, 42 ബോബര്‍, പെറാക്ക് ബോബര്‍, യെസ്ഡി റോസ്റ്റര്‍, സ്ക്രാംബ്ലര്‍, അഡ്വഞ്ചര്‍ തുടങ്ങിയ എല്ലാ മോഡലുകളിലും ഈ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാനാവും. ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് അടുത്തിടെ ജാവ 42, റോഡ്സ്റ്റര്‍ എന്നിവയ്ക്കായി പുതിയ പ്രീമിയം വേരിയന്റുകളും അവതരിപ്പിച്ചിരുന്നു. ജാവ 42 ശ്രേണി ഇപ്പോള്‍ 1,89,142 രൂപ മുതലും യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണി 2,06,142 രൂപ മുതലുമാണ് ആരംഭിക്കുന്നത്. ഈ എല്ലാ വിലകളും എക്സ്ഷോറൂം വിലയാണ്.






