
ന്യൂഡല്‍ഹി: തിരക്കേറിയ നഗരഗതാഗതത്തിനിടയില് മോട്ടോര്‍ സൈക്കിളുകള്‍ കൂട്ടിയിടിച്ച് സിനിമാ സംവിധായകന് മരിച്ചു. ഡല്‍ഹിയില്‍ നടന്ന അപകടത്തില്‍ പീയൂഷ് പാല് എന്ന ഡോക്യുമെന്ററി സിനിമാ സംവിധായകനാണ് മരണമടഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഇയാള്‍ വഴിയില്‍ കിടന്നത് 20 മിനിറ്റായിരുന്നു. ആരും സഹായിക്കാനോ ലിഫ്റ്റ് കൊടുക്കാനോ എത്തിയില്ലെന്ന് മാത്രമല്ല പീയൂഷിന്റെ മൊബൈല്‍ഫോണും ക്യാമറയും മോഷ്ടിക്കുകയും ചെയ്തു.
ഒക്ടോബര്‍ 28 ന് രാത്രി 10 മണിയോടെയുണ്ടായ സംഭവം സമീപത്തെ സിസിടിവി ക്യാമറ പിടിച്ചെടുത്തിട്ടുണ്ട്. സംവിധായകന്റെ മോട്ടോര്‍ സൈക്കിള്‍ പഞ്ചശീല്‍ എന്‍ക്ളേവില്‍ തിരക്കേറിയ റോഡില്‍ ലെയിന്‍ മാറുന്നതും വേഗതകുറച്ച ബൈക്കില്‍ പിന്നില്‍ നിന്നും മറ്റൊരു ബൈക്ക് വന്നിടിക്കുന്നതും വീഡിയോയില്‍ കാണാനാകുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ സിനിമാക്കാരന്റെ ബൈക്ക് തെന്നിപ്പോകുകയും ഏതാനും മീറ്റര്‍ ഇരയെ വലിച്ചുകൊണ്ടുപോകുകയും ചെയ്തു. രക്തം വാര്‍ന്നു കിടന്ന പീയൂഷിനെ പിന്നീട് പോലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരണമടഞ്ഞു.
ഫ്രീലാന്‍സ് സിനിമാക്കാരനാണ് പാല് ഗുരുഗ്രാം സ്വദേശിയാണെങ്കിലും ഡല്‍ഹിയിലെ കാല്ക്കാജിയിലാണ് താമസിക്കുന്നത്. സമയത്ത് ചികിത്സ കിട്ടിയിരുന്നെങ്കില്‍ പാലിന്റെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു സിനിമാക്കാരന് പറഞ്ഞു. രക്തക്കളത്തില്‍ 20 മിനിറ്റ് കിടന്നിട്ടും വഴിയെ വന്ന ആരും തന്നെ ഇദ്ദേഹത്തെ സഹായിക്കാന്‍ കൂട്ടാക്കിയില്ലെന്നും ആള്ക്കാര് ചുറ്റും കൂടി നിന്ന് ചിത്രങ്ങള്‍ എടുക്കുകയായിരുന്നെന്നും ഇതിനിടയില്‍ ആരോ അദ്ദേഹത്തിന്റെ വിലകുടിയ മൊബൈല്‍ഫോണും ജിഒ-പ്രോ ക്യാമറയും മോഷ്ടിച്ചുകൊണ്ടു പോകുകയും ചെയ്തെന്നും ആരോപിച്ചു.
രാത്രി 10 മണി വരെ അദ്ദേഹത്തിന്റെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് ഓഫായി. വീഡിയോ റെക്കോഡ് ചെയ്യാനും തന്റെ ജോലികള്‍ക്കുമായി ഉപയോഗിച്ചിരുന്ന ജിഒ പ്രോ ക്യാമറയും കാണാനില്ലായിരുന്നു. ആരില്‍ നിന്നും ഒരു നഷ്ടപരിഹാരവും വേണ്ട, വേണ്ടത് നീതിയാണെന്നും സുഹൃത്ത് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പിന്നില്‍ വന്നിടിച്ചത് ബണ്ടി എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.






