
ജയ്പുര്‍: തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഫോഴ്്സ്മെന്റ് ഡയറക്ടറേറ്റ്. ജല ജീവന് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ 25 കേന്ദ്രങ്ങളില്‍ ഇ.ഡി പരിശോധന നടത്തുന്നു. മുതിര്‍ന്ന ഐഎഎസ് ഓഫീസറുടെ വസതിയില്‍ അടക്കമാണ് പരിശോധന.
ജയ്പുര്‍, ദസുവ എന്നിവിടങ്ങളിലാണ് റെയ്ഡ്. പിഎച്ച്ഇ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബോധ് അഗര്‍വാളിന്റെ വസ്തിയിലടക്കം പരിശോധന നടക്കുകയാണ്. ആരോഗ്യവകുപ്പിലെ മറ്റ് ഉന്നതരുടെ വസതികളിലും ഓഫീസിലും പരിശോധന നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സെപ്തംബറിലും സംസ്ഥാനത്ത് ഇ.ഡി പരിശോധന നടന്നിരുന്നു.
നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെയും ഇ.ഡിയേയും കടന്നാക്രമിച്ച് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി. പ്രതിപക്ഷ കക്ഷി നേതാക്കളുടെയും സംസ്ഥാന സര്‍ക്കാരുകളെയും ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികളുടെ റെയ്ഡുകള്‍ നടക്കുകയാണ്. 'കടന്നുപോകുന്ന വഴിയെല്ലാം നശിപ്പിക്കുന്ന പാകിസ്താനില്‍ നിന്നുള്ള വെട്ടുക്കിളി കൂട്ടത്തെ പോലൊണ്' കേന്ദ്ര ഏജന്‍സികളെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള കേസുകളില്‍ ഇ.ഡി കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ദോസ്തറയുടെയും ഗെലോട്ടിന്റെയും മക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ദോസ്തറയുടെ ജയ്പൂരിലെയും സികാറിലെയും വീടുകളില്‍ റെയ്ഡും നടന്നിരുന്നു.
നവംബര്‍ 25നാണ് രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ മുന്നിന് വോട്ടെണ്ണല്‍ നടക്കും.






