
തൊടുപുഴ: കുത്തേറ്റു മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ മക്കളും ബന്ധുക്കളും നെട്ടോട്ടമോടിയത് മൂന്നു ജില്ലകളില്‍ കൂടി.
ഇന്നലെ പുലര്‍ച്ചെ എറണാകുളത്തുനിന്നു തുടങ്ങിയ ഉറ്റവരുടെ അലച്ചില്‍ മൂന്നു മെഡിക്കല്‍ കോളജുകളില്‍ കയറിയിറങ്ങി ഇരുന്നൂറോളം കിലോമീറ്റര്‍ അകലെ ഇടുക്കിയിലാണ് അവസാനിച്ചത്. നടപടികള്‍ക്കുശേഷം മൃതദേഹം വിട്ടുകിട്ടിയതു രാത്രിയില്‍.
ഒടുവില്‍ പത്തരയോടെ സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ മരണം നടന്ന് 34 മണിക്കൂര്‍ പിന്നിട്ടിരുന്നു. തൊടുപുഴ സ്വദേശി കൊച്ചുകോതവഴിക്കല്‍ പ്രദീപി (ബാബു- 58) ന്റെ മൃതദേഹത്തോടാണ് ആശുപത്രി അധികൃതര്‍ അവഗണന കാട്ടിയതായി പരാതി ഉയര്‍ന്നത്. ഇടുക്കി പൂമാലയില്‍ റബര്‍തടി വില്പ്പനയെത്തുടര്ന്നുണ്ടായ വൈരാഗ്യത്തിന്റെ പേരില്‍ പ്രദീപിന്റെ കഴുത്തിനു കുത്തേറ്റതു കഴിഞ്ഞ ജൂണ്‍ ഒമ്പതിന്. ഗുരുതരനിലയില്‍ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ പ്രദീപ് മരിച്ചു.
വൈകിട്ടോടെ കാഞ്ഞാര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം രാത്രി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടം രാവിലെ നടത്താമെന്ന ഉറപ്പിന്മേല് മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. രാവിലെ തൊടുപുഴയില്‍നിന്നു പോലീസും ആംബുലന്‍സുമായി ബന്ധുക്കളും കളമശേരിയിലെത്തി. ഫോറന്‍സിക് സര്ജന് അടിയന്തിര അവധിയെടുത്തെന്നും പോസ്റ്റ്മോര്‍ട്ടം നടത്താനാകില്ലെന്നും പറഞ്ഞ് ആശുപത്രി അധികൃതര്‍ കൈയൊഴിഞ്ഞു. മറ്റെവിടേക്കെങ്കിലും കൊണ്ടുപോകാനായിരുന്നു നിര്‍ദേശം.
ഇതനുസരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇടുക്കി ജില്ലക്കാരനായതിനാല്‍ പോസ്റ്റ്മോര്‍ട്ടം ഇടുക്കിയില്‍ തന്നെ നടത്തണമെന്നു പറഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരും െകെമലര്ത്തി. മൃതദേഹവുമായി വന്ന ആംബുലന്‍സ് മോര്‍ച്ചറിക്കു സമീപം നിര്‍ത്താന്‍ പോലും ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. മോര്‍ച്ചറിജീവനക്കാര്‍ ഇടപെട്ട് വാഹനം നിര്‍ബന്ധിച്ച് ആശുപത്രി വളപ്പിനു പുറത്തേക്കിറക്കിച്ചു. ആഴ്ചകളോളം ഐ.സി.യുവിലും വെന്റിലേറ്ററിലുമായി കഴിഞ്ഞിരുന്നതിനാല്‍ മൃതദേഹം ജീര്‍ണിച്ചു തുടങ്ങിയിരുന്നു. ഇതേ അവസ്ഥയില്‍ കൂടുതല്‍ യാത്ര ചെയ്യുന്നതും അസാധ്യമായി.
പിന്നീട് കാഞ്ഞാര്‍ പോലീസ് ഇടുക്കി മെഡിക്കല്‍ കോളജ് അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹം ഇടുക്കിയിലെത്തിച്ചു. സാങ്കേതിക തടസങ്ങളെത്തുടര്‍ന്ന് രാത്രി വൈകിയെങ്കിലും ഒടുവില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹം പത്തരയോടെ തൊടുപുഴ ശാന്തിതീരം വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. ആശുപത്രി അധികൃതരില്‍നിന്നു കടുത്ത അവഗണനയാണ് നേരിട്ടതെന്നും ഒരാള്‍ക്കും ഇത്തരമൊരു ദുരനുഭവമുണ്ടാകരുതെന്നും പറഞ്ഞ ബന്ധുക്കള്‍ സംഭവത്തില്‍ മന്ത്രിതലത്തിലടക്കം പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.
കാഞ്ഞിരമറ്റം വട്ടത്തൊട്ടിയില്‍ അംബുജമാണ് മരിച്ച പ്രദീപിന്റെ ഭാര്യ. മക്കള്‍: അഞ്ജന, അഭിജിത്ത്, അഭിനവ്. പ്രദീപിനെ കുത്തിപ്പരുക്കേല്‍പ്പിച്ച കൂവക്കണ്ടം സ്വദേശി മോടംപ്ലാക്കല്‍ ബാലകൃഷ്ണനെ (കുഞ്ഞ്) കാഞ്ഞാര്‍ പോലീസ് സംഭവം നടന്ന ഉടന്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. പ്രദീപ് മരിച്ചതോടെ ബാലകൃഷ്ണനെതിരേ കൊലക്കുറ്റം ചുമത്തിയതായി പോലീസ് പറഞ്ഞു.






