
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന് ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിട്ടാണ് വിവരം. എറണാകുളത്തെ ഇടത്തറയിലെ ഫ്ളാറ്റില്‍ നിന്നുമാണ് അലന് ഷുഹൈബിനെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായിട്ടാണ് വിവരം. ആത്മഹത്യാ പ്രവണത എന്നാണ് പോലീസ് പറയുന്നത്. തന്റെ ഈ അവസ്ഥയ്ക്ക് കാരണം സിസ്റ്റമാണെന്ന് പറഞ്ഞ് അലന് സുഹൃത്തുക്കള്‍ക്ക് കത്തയച്ചതായിട്ടാണ് സൂചന. ഒറ്റയടിക്ക് 30 ലധികം ഗുളികകള്‍ ഇയാള്‍ കഴിച്ചതായിട്ടാണ് വിവരം. മൊഴിയെടുത്ത ശേഷമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകു.
പന്തിരാങ്കാവ് യുഎപിഎ കേസിലെ പ്രതിയാണ് അലന് ഷുഹൈബ്. പരീക്ഷ കാരണം വിചാരണ നീട്ടി വെച്ചിരിക്കുകയാണ്. പഠനവുമായി ബന്ധപ്പെട്ട് ഇടത്തറയിലെ ബന്ധുവിന്റെ ഫ്ളാറ്റിലാണ് അലന് താമസിക്കുന്നത്. കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് 2019 നവംബര്‍ ഒന്നിനാണ് അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ പിടിയിലായത്. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണത്തിലാണ് കേസ്.






