
കോഴിക്കോട്: മുസ്ളീംലീഗുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായുള്ള വാദപ്രതിവാദങ്ങള്‍ക്കിടയില്‍ സിപിഎമ്മിന്റെ പാലസ്തീന് ഐക്യദാര്‍ഡ്യ റാലി ഇന്ന്. കോഴിക്കോട് സരോവരത്ത് പ്രത്യേകം സജ്ജീകരിച്ച യാസര്‍ അറാഫത്ത് നഗറിലാണ് പരിപാടി. രണ്ടാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസും സമാനരീതിയിലുള്ള പരിപാടി നടത്താനിരിക്കെ ഇന്നതെ റാലി വന്‍ പരിപാടിയാക്കി മാറ്റാനാണ് സിപിഎമ്മിന്റെ ശ്രമം.
സിപിഐഎം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടി വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കന്ന പരിപാടി പലസ്തീന് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സംഘടിപ്പിക്കുന്നത്. റാലി ശക്തി പ്രകടനമാക്കി മാറ്റാനാണ് സിപിഐഎമ്മിന്റെ തീരുമാനം.
പരിപാടിയില്‍ പതിനായിരക്കണക്കിന് ആളുകളെ അണി നിരിത്താനാണ് സിപിഎം ഉദ്ദേശിക്കുന്നത്. റാലിയില്‍ മുസ്ളീംലീഗുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് നേതാക്കള്‍ മറുപടി പറഞ്ഞേക്കും. സിപിഎമ്മിന് പുറമേ കോണ്‍ഗ്രസിനുള്ളില്‍ നിന്നടക്കമുള്ള ആളുകളെ പ്രതീക്ഷിക്കുന്നുണ്ട്. നേരത്തേ പരിപാടിയില്‍ സിപിഎം മുസ്ളീംലീഗിനെ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അവര്‍ ക്ഷണം തള്ളി. ഈ മാസം 22 ന് കോണ്‍ഗ്രസും കോഴിക്കോട്ട് പാലസ്തീന് ഐക്യദാര്‍ഡ്യ സദസ്സ് സംഘടിപ്പിക്കുന്നുണ്ട്.






