
പാമ്പുകളും മനുഷ്യനും തമ്മിലുള്ള അപകടകരമായ പല നിമിഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇവ കാണികളില്‍ ഞെട്ടല്‍ സൃഷ്ടിക്കാറുമുണ്ട്. എന്നാല്‍ ഇതുവരെ കണ്ടിട്ടുള്ളതല്ലാം വിഷപ്പാമ്പുകളുമായിട്ടുള്ള മനുഷ്യന്റെ അഭ്യാസ പ്രകടനങ്ങള്‍ തന്നെയാണ്. എങ്കിലും ഇനി പറയുന്ന വീഡിയോ ഒരു പക്ഷേ പലരെയും ആശ്ചര്യപ്പെടുത്തിയേക്കാം. കാരണം പാമ്പുകളില്‍ ഏറ്റവും വലുപ്പവും അപകടകാരിയുമായ പാമ്പായ അനക്കൊണ്ടയെ ഒരു യുവാവ് കൈകള്‍കൊണ്ട് എടുക്കുന്ന ഒരു വീഡിയോയാണ് ഇത്.
വീഡിയോയില്‍ ഒരു യുവാവ് തന്റെ കൈകള്‍ മാത്രം ഉപയോഗിച്ച് ഒരു വെളിപ്രദേശത്ത് നിന്നും കൂറ്റന്‍ അനാക്കോണ്ടയെ പിടികൂടുകയാണ്. @therealtarzann എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'എന്തൊരു സാഹസിക. വെനസ്വേലയിലെ ഒരു രാക്ഷസ അനക്കോണ്ടയെ വിജയകരമായി പിടികൂടി' എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണാന്‍ കഴിയുന്നത് കൃഷി ഇറക്കാത്ത പാടം പോലെ തോന്നിച്ച സ്ഥലത്ത് നിന്ന് ഒരു യുവാവ്, തന്റെ കൈ മാത്രം ഉപയോഗിച്ച് പുല്ലുകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഒരു അനാക്കോണ്ടയെ പിടികൂടുന്നതാണ്.
ഫ്ലോറിഡയിലെ മിയാമിയില്‍ നിന്നുള്ള മൃഗശാല സൂക്ഷിപ്പുകാരനായ മൈക്ക് ഹോള്‍സ്റ്റണിന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു പേടിയുമില്ലാതെയാണ് അദ്ദേഹം അനക്കൊണ്ടയെ എടുക്കുന്നത്. മൈക്ക് ഹോള്സ്റ്റണ് സ്വയം വിശേഷിപ്പിക്കുന്നത് റിയല്‍ ടാര്സന്, ദി കിംഗ് ഓഫ് ദി ജംഗിള്‍ എന്നാണ്. അദ്ദേഹം തന്നേക്കാള്‍ മൂന്നിരട്ടിയിലേറെ വലിപ്പമുള്ള അനാക്കോണ്ടയെ നേരിടുന്നതായിരുന്നു വീഡിയോയില്‍. 'ഒരുപക്ഷേ ഈ ഗ്രഹത്തിലെ ഏറ്റവും ധീരനായ കറുത്ത മനുഷ്യന്.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ചുംബനത്തോടെയുള്ള അന്ത്യം.' മറ്റൊരാള്‍ കുറിച്ചു. ഇതിനോടകം ഒരു കോടി പതിമൂന്ന് ലക്ഷത്തിലേറെ പേര് കണ്ടുകഴിഞ്ഞ വീഡിയോയാണ് ഇത്. ഏകദേശം മൂന്നര ലക്ഷത്തോളം ആളുകള്‍ വീഡിയോയ്ക്ക് ലൈക്കും നല്‍കിയിട്ടുണ്ട്.






