
കണ്ണൂര്‍ : സർക്കാർ-ഗവർണർ തർക്കത്തിൽ കക്ഷി ചേരാനില്ലെന്നും എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദന്. ഇപ്പോഴത്തെ പ്രശ്നങ്ങൾ താത്കാലികമായി മാത്രമാണെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വളരുകയാണെന്നും ബിജോയ് നന്ദന് പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി താത്ക്കാലിക വൈസ് ചാൻസലറായി ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതല ഏല്ക്കും.
പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെ കണ്ണൂർ വി സി യുടെ ചുമതല പ്രൊ. ബിജോയ് നന്ദന്. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് പുറത്തായ ഡോ. ഗോപിനാഥ് രവീന്ദ്രന് പകരക്കാരനായിട്ടാണ് ബിജോയ് നന്ദന് എത്തുന്നത്. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസർ ആണ് ബിജോയ് നന്ദൻ. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം. സര്‍ക്കാരിനോട് ആലോചിക്കാതെയാണ് ഗവര്‍ണറുടെ തീരുമാനം. കണ്ണൂരിലേക്ക് പോകാൻ ബിജോയ് നന്ദന് ചാൻസലർ നിർദേശം നൽകി. രാജ്ഭവനിൽ നിന്ന് ഉച്ചയ്ക്ക് മുമ്പ് ഉത്തരവ് ഇറങ്ങും.
കണ്ണൂർ വി സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയോഗിച്ച സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പുനർനിയമനത്തിൽ ഗവർണർക്കെതിരെ സുപ്രിംകോടതി നടത്തിയത് അതിരൂക്ഷ വിമർശനമാണ്. നിയമനത്തിനുള്ള അധികാരം ചാൻസിലർക്ക് മാത്രമാണെന്ന് ഓർമിപ്പിച്ച കോടതി ബാഹ്യശക്തി സമ്മർദം ചെലുത്തുമ്പോൾ റബ്ബർ സ്റ്റാമ്പുപോലെ പ്രവർത്തിക്കരുതെന്ന് പറഞ്ഞു. ഗവർണറുടെ നടപടി അമ്പരപ്പുണ്ടാക്കിയെന്നും കോടതി പറഞ്ഞു.
ഇന്നലെ കണ്ണൂര്‍ യൂണിവേഴ്സിറ്റി വി.സിയുടെ പുനര്‍ നിയമനം റദ്ദാക്കിയതിന് പിന്നാലെ പ്രൊഫസര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ഡല്‍ഹി ജാമിയ മിലിയ സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കും. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ലന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി പുനർനിയമനം റദ്ദാക്കിയ സാഹചര്യത്തിൽ രാജിയുടെ ആവശ്യം ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.






