
ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഇല്ലാതെ കാറില്‍ നിന്ന് നേരിട്ട് ഇ-പേമെന്റ് അനുവദിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ചെക്ക് റിപബ്ലിക്കന്‍ വാഹന ഭീമന്മാരായ സ്കോഡ. തങ്ങളുടെ പെട്രോള്‍, ഡീസല്‍ എഞ്ചിന് കാറുകളില്‍ ഇന്കാര് ഇ-പേയ്മെന്റ് സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി സ്കോഡ പാര്ക്കോപീഡിയ, മാസ്റ്റര്‍കാര്‍ഡ്, റൈഡ് എന്നിവയുമായി കൈകോര്‍ത്തിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന് കാറുകളില്‍ മാത്രം ഈ സാങ്കേതികവിദ്യ പ്രയോഗിക്കാനാണ് ചെക്ക് കമ്പനിയുടെ തീരുമാനം.
കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനില്‍ ഇ-പേയ്മെന്റ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. കാറിന്റെ നാവിഗേഷനിലായിരിക്കും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കാറില്‍ പെട്രോള്‍ തീരാറായാല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീന്‍ തൊട്ടടുത്തുള്ള ഫ്യുവല്‍ സ്റ്റേഷനെ കുറിച്ചുള്ള വിവരം ഡ്രൈവറെ അറിയിക്കും. കാര്‍ പെട്രോള്‍ പമ്പില്‍ എത്തിയാല്‍ ഒരു നോട്ടിഫിക്കേഷന്‍ വരും. ശേഷം കാറിന്റെ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തില്‍ എത്ര അളവില്‍ ഇന്ധനം നിറക്കണമെന്ന നിര്‍ദേശം നല്‍കാം. ഇന്ധനം നിറച്ച ശേഷം തുക കണക്കാക്കി കാറുടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പെട്രോള്‍ പമ്പിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറും. ഇടപാട് പൂര്‍ത്തിയായി കഴിഞ്ഞാല്‍ മൈസ്കോഡ ആപ്ലിക്കേഷനില്‍ ട്രാന്സാക്ഷന് നോട്ടിഫിക്കേഷന്‍ വരും.
ഫ്യൂവല്‍ സ്റ്റേഷനെയും ഇടപാടിനെയും കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അതില്‍ കാണും. സ്കോഡ കാറിലെ പുതിയ ഇ-പേയ്മെന്റ് സാങ്കേതിക വിദ്യയിലൂടെയാണ് ഈ ഇടപാട്. ഇത് ഇന്ത്യയില്‍ യുപിഐ പോലെ പ്രവര്‍ത്തിക്കുന്നു. ഈ സര്‍വീസ് ഇപ്പോള്‍ ആറ് യൂറോപ്യന്‍ രാജ്യങ്ങളിലാണ് ലഭ്യമാകുകയെന്ന് സ്കോഡ അറിയിച്ചു. ഡെന്മാര്ക്ക്, ബെല്‍ജിയം, ജര്‍മ്മനി, ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ എന്നിവയാണ് ആ രാജ്യങ്ങള്‍.






