
പാരീസിലെ പ്രശ്സതമായ റിറ്റ്സ് ഹോട്ടലില്‍ നിന്ന് ഒരു അതിഥിയുടെ കോടികള്‍ വിലമതിക്കുന്ന മോതിരം കാണാതായ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഏകദേശം ആറേ മുക്കാല്‍ കോടി വിലയുള്ള മോതിരമാണ് കാണാതായത്. ഹോട്ടലില്‍ എത്തിയ മലേഷ്യന്‍ വ്യവസായിയായ യുവതിയുടെ മോതിരമാണ് കാണാതായത്. മോതിരം ഒരു ഹോട്ടല്‍ ജീവനക്കാരന് മോഷ്ടിച്ചെന്ന് യുവതി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വാക്വം ക്ലീനറില്‍ നിന്നും മോതിരം കണ്ടെത്തിയത്.
റിസ്റ്റ്സ് ഹോട്ടലിലെ സുരക്ഷാ ഗാര്‍ഡുകളാണ് മോതിരം വാക്വം ക്ലീനറില്‍ നിന്നും കണ്ടെത്തിയത്. വാക്വം ക്ലീനറിലെ പൊടികള്‍ക്കിടയില്‍ നിന്നും മോതിരം കണ്ടെടുക്കുന്നതിന് മുമ്പ് തന്നെ മോതിരത്തിന്റെ ഉടമ ലണ്ടനിലേക്ക് പോയിരുന്നെങ്കിലും മോതിരം വാങ്ങാനായി ഇവര്‍ പാരീസിലേക്ക് തിരിച്ചെത്തുമെന്നുമാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മോതിരം തിരിച്ചുകിട്ടുന്നതുവരെ ഉടമയ്ക്ക് മൂന്ന് രാത്രി കൂടി താമസിക്കാനുള്ള അനുമതി നല്‍കിയിരുന്നെങ്കിലും അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് റിറ്റ്സ് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. 'സെക്യൂരിറ്റി ഗാര്‍ഡുകളുടെ സൂക്ഷ്മമായ ജോലിക്ക് നന്ദി. മോതിരം ഇന്ന് രാവിലെ കണ്ടെത്തി. മോതിരം കണ്ടെത്താന്‍ ശ്രമിച്ച റിറ്റ്സ് പാരീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ സമഗ്രമായും പ്രൊഫഷണലിസത്തോടെയും പെരുമാറി.' ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ട് റിറ്റ്സ് ഹോട്ടല്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ വ്യക്തമാക്കി.






