
ഭോപ്പാല്‍: മധ്യപ്രദേശിലെ ബാങ്കില്‍ നിന്നും കര്‍ഷകര്‍ക്ക് വിതരണം ചെയ്ത പുതിയ 2000 രൂപ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ല. ചൊവ്വാഴ്ച ഷോപുര് ജില്ലയിലെ ബദോദ തെഹ്സിലില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്ന് കര്‍ഷകര്‍ പിന്‍വലിച്ച പണത്തിലാണ് രാഷ്ട്രപിതാവിന്റെ ചിത്രമില്ലാത്ത കറന്‍സി ലഭിച്ചത്. ഗാന്ധിയുടെ ചിത്രം പ്രിന്റ് ചെയ്യേണ്ട ഇടം ശൂന്യമായി കിടക്കുകയാണ് ഈ നോട്ടുകളില്‍.
എന്നാല്‍ കറന്‍സികള്‍ വ്യാജമല്ലെന്നും അച്ചടി പിശകാണെന്നും ബാങ്ക് ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിച്ചതോടെ നോട്ടുകള്‍ ബാങ്ക് തിരിച്ചെടുത്തു. സമാനമായ പിഴവുകളുള്ള യഥാര്‍ത്ഥ നോട്ടുകള്‍ പ്രദേശത്ത് വിതരണം ചെയ്തിട്ടുണ്ടെന്ന് ബാങ്ക് അധികൃതരും പോലീസും വ്യക്തമാക്കി.
ബാങ്കില്‍ നിന്നും 6000 രൂപ പിന്‍വലിച്ച ലക്ഷ്മണ് മീണ എന്ന കര്‍ഷകനാണ് തനിക്ക് ലഭിച്ചത് ഗാന്ധിജിയുടെ ചിത്രം പ്രിന്റ് ചെയ്യാത്ത നോട്ടാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. ഉടന്‍ ബാങ്കിലെത്തി വിവരം നല്‍കിയിട്ടും ജീവനക്കാര്‍ ഉദാസീന നിലപാടാണ് സ്വീകരിച്ചത്. വൈകാതെ ഗുര്‍മീത് സിംഗ് എന്ന കര്‍ഷകനും പരാതിയുമായി എത്തി. ഇതോടെയാണ് നോട്ട് തിരിച്ചുവാങ്ങി പകരം തുക നല്കാന് ബാങ്ക് അധികൃതര്‍ തയ്യാറായതെന്നും മീണ പറഞ്ഞു.






