
കൊച്ചി: അമ്മയും സുഹൃത്തും ചേര്‍ന്നു കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റെടുത്തു സംസ്കരിക്കും. ഏറ്റെടുക്കാനാളില്ലാത്തതിനെത്തുടര്ന്നു കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കുഞ്ഞിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കുട്ടിയുടെ അച്ഛനുമായും അമ്മ അശ്വതിയുടെ ബന്ധുക്കളുമായും ബന്ധപ്പെട്ടിരുന്നെങ്കിലും കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് തന്നെ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുത്തു സംസ്കരിക്കാന്‍ തീരുമാനിച്ചതെന്ന് എളമക്കര സി.ഐ. പറഞ്ഞു.സംസ്കാരം പച്ചാളം പൊതുശ്മശാനത്തില്‍ നടത്തുമെന്നാണു വിവരം. ഡിസംബര്‍ രണ്ടിനാണ് എളമക്കരയില്‍ ചേര്‍ത്തല സ്വദേശിനി അശ്വതിയുടെ ഒന്നര മാസം പ്രായമായ കുഞ്ഞ് കൊല്ലപ്പെട്ടത്. അശ്വതിയുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ഷാനിഫാണു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ഒരുമിച്ചുള്ള ജീവിതത്തിനു തടസമാകുമെന്നു കരുതിയാണ് ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിക്കുകയും ഇതോടെ തലയോട്ടി പൊട്ടുകയുമായിരുന്നെന്നു പോലീസ് പറയുന്നു. മുമ്പുണ്ടായ മര്‍ദനത്തില്‍ കുഞ്ഞിന്റെ വാരിയെല്ലും ഒടിഞ്ഞിരുന്നു. കുഞ്ഞ് മരിച്ചെന്ന് ഉറപ്പിക്കാന്‍ ഷാനിഫ് രണ്ടു തവണ കുഞ്ഞിന്റെ ശരീരത്തില്‍ കടിക്കുകയും ചെയ്തിരുന്നു.
കുഞ്ഞിന്റെ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ ആശുപത്രിയില്‍ കൊണ്ടുവന്നതാണെന്നുമാണ് ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ ഡോക്ടര്‍മാരോടു പറഞ്ഞത്. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ തന്നെ സംശയം തോന്നിയ ഡോക്ടര്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. ഷാനിഫിനെ ഇന്നലെ കൊല നടത്തിയ ഫ്ളാറ്റില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി.






