
കാരബല്ലേഡ: വെനസ്വേലയെ നടുക്കിയ ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷം 'ഗിസെല്ലെ' എന്ന ചെറിയ നായ്ക്കുട്ടിയെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. വെനസ്വേലയുടെ അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി മാറിയിരിക്കുകയാണ് ഈ കുരുന്ന് ജീവൻ. തകർന്നുവീണ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് ഈ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വളരെ നേർത്ത രീതിയിൽ ഒരു കുര കേട്ടതോടെയാണ് രക്ഷാപ്രവർത്തകർ അങ്ങോട്ട് ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടർന്ന്, ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന ജീവന് കൂടുതൽ അപകടം സംഭവിക്കാതിരിക്കാൻ വലിയ കോൺക്രീറ്റ് പാളികൾ രക്ഷാപ്രവർത്തകർ കൈകൾ കൊണ്ട് അതീവ ശ്രദ്ധയോടെയാണ് നീക്കം ചെയ്തത്. ഒടുവിൽ നായ്ക്കുട്ടിയുടെ അടുത്തെത്തിയപ്പോൾ, ഭയന്നുവിറച്ച് തളർന്നിരുന്ന അതിന് ചെറിയൊരു വിടവിലൂടെ കുടിവെള്ളം നൽകി ആശ്വസിപ്പിക്കാനും അവർ മറന്നില്ല. ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് നായ്ക്കുട്ടിയെ പുറത്തെടുക്കാൻ സാധിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു.
നായക്കുഞ്ഞിന് കൂടുതൽ പരിക്കുപറ്റാതിരിക്കാനായി രക്ഷാപ്രവർത്തകർ ഭാരിച്ച സിമന്റ് പാളികൾ കൈകൾ കൊണ്ടായിരുന്നു മാറ്റിയത്. ദുരന്തമുഖത്തുനിന്നും രക്ഷപെടുത്തി പുറത്തെടുത്ത നിമിഷം, തനിക്ക് ജീവൻ തിരികെ നൽകിയ രക്ഷാപ്രവർത്തകനോട് നായ്ക്കുട്ടി കാണിച്ച സ്നേഹപ്രകടനം കണ്ടുനിന്നവരുടെ കണ്ണു നനയിച്ചു. രക്ഷാപ്രവർത്തകനായ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ കൈകളിൽ കിടന്ന്, നന്ദിയോടെയും സ്നേഹത്തോടെയും അദ്ദേഹത്തിന്റെ മുഖത്ത് നക്കാനും വാലാട്ടാനും ഈ നായ്ക്കുട്ടി ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ലാഗ്വൈറ സംസ്ഥാനത്തിലെ കാരബല്ലേഡയിൽ തിങ്കളാഴ്ചയാണ് ഈ വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത്. എൽ സാൽവദോറിൽ നിന്നുള്ള പ്രത്യേക ദുരന്തനിവാരണ സേനയാണ് നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം വെറും 39 സെക്കൻഡുകളുടെ വ്യത്യാസത്തിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളിലാണ് ഈ നായ്ക്കുട്ടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയത്.






