
അര്‍ജന്റീനയിലെ അറ്റക്കാമ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന തടാകത്തില്‍ ചരിത്രാതീത കാലത്തെ സൂക്ഷ്മജീവികളുടെ വന്‍ ശേഖരം കണ്ടെത്തി ഗവേഷകര്‍. വടക്ക് പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ വിചിത്രമായ ജലശ്രോതസ്സുകളുടെ ശൃഖംല ഉപഗ്രഹ ചിത്രം കണ്ടെതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഈ തടാകവും ഇതിനോട് ചേര്‍ന്ന് ഒരു ഉപ്പുനിലവും ഗവേഷകര്‍ കണ്ടെത്തിയത്. ഭൂമിയില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന പ്രകൃതി വൈവിധ്യമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളതെന്നും ഗവേഷകര്‍ വ്യക്തമാക്കി.
പുനാ ഡി അറ്റക്കാമ എന്നറിയപ്പെടുന്ന ഈ ബൃഹത്തായ പീഠഭൂമി അര്‍ജന്റീനയുടെയും ചിലിയുടെയും അതിര്‍ത്തിക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്. വരണ്ടതും ഉയര്‍ന്നതുമായ പരിസ്ഥിതി സാഹചര്യങ്ങള്‍ കൊണ്ട് വളരെ കുറച്ച് മൃഗങ്ങളും സസ്യങ്ങളും മാത്രമാണ് ഇവിടെയുള്ളതെന്നും ഗവേഷകര്‍ പറയുന്നു. സൂര്യപ്രകാശം വളരെ കൂടിയ അളവില്‍ ലഭിക്കുന്നതും ഇവിടെ സസ്യങ്ങള്‍ വളരുന്നതിന് തടസ്സമായി നില്ക്കുന്നു. തടാകങ്ങളിലെ പാറക്കെട്ടുകള്‍ കേന്ദ്രീകരിച്ചാണ് അതിവിപുലമായ സൂക്ഷ്മജീവികളുടെ ശേഖരം കണ്ടെത്തിയത്. ഭൂമിയില്‍ ആദ്യം ഉടലെടുത്ത ജീവനെക്കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ ഇവിടെ നിന്നും ലഭിച്ചേക്കാമെന്ന ശുഭാപ്തി വിശ്വാസം ഗവേഷകര്‍ പങ്കുവച്ചു.
ഉപ്പുനിറഞ്ഞതും ആഴം കുറവുള്ളതുമായ 12 കുളങ്ങള്‍ ചേര്‍ന്നതാണ് പുതുതായി കണ്ടെത്തിയ തടാകം. ഇതിനൊപ്പം മലകളും ചേര്‍ന്നതാണ് ഈ ഭൂപ്രദേശം. 25 എക്കറോളം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഒരു മേഖലയാണ് ഇത്. തടാകത്തിന്റെ ഉപരിതല ജലത്തിന്റെ കീഴില്‍ മറഞ്ഞുകിടക്കുന്ന 15 അടിവരെ മാത്രം പൊക്കമുള്ള ചെറുകുന്നുകളിലാണ് സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ നടത്തുന്ന പരീക്ഷണം ചൊവ്വയിലും മറ്റുമുണ്ടായിരുന്നെന്നു എന്ന് വിശ്വസിക്കപ്പെടുന്ന ആദിമ ജീവനെക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. സയനോബാക്ടീരിയ, ആര്‍ക്കിയ തുടങ്ങിയ സൂക്ഷ്മജീവി സമൂഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുള്ളത്.
യുഎസിലെ കൊളാഡോ സര്‍വകലാശാലയിലെ ജിയോളജിക്കല്‍ സയന്‍സസ് വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ബ്രയന്‍ ഹൈനെക്കും പരിസ്ഥിതി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പുന ബയോ സ്ഥാപക മരിയ ഫറിയാസും ചേര്‍ന്ന് അനേക കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് ഈ അപൂര്‍വ പരിസ്ഥിതി ലോകം കണ്ടെത്തിയത്. എന്നാല്‍ മറ്റൊരു ആശങ്ക ഗവേഷകരെ അലട്ടുന്നുണ്ട്. ഇവിടം ലിഥിയം നിക്ഷേപം ഏറെുള്ള സ്ഥലമാണ്. അതിനാല്‍ തന്നെ ഉടന്‍ തന്നെ ഖനനം തുടങ്ങാനാണ് അര്‍ജന്റീയുടെ തീരുമാനം. അങ്ങനെ സംഭവിച്ചാല്‍ ഒരുപക്ഷേ ഈ വിചിത്രലോകം വരും വര്‍ഷങ്ങളില്‍ തന്നെ നഷ്ടപ്പെടുമെന്നും ഗവേഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.






