
കൊച്ചി: മോട്ടോര്‍ വാഹന ചട്ടപ്രകാരം, ഗ്രേഡ് എസ്.ഐമാരുടെ വാഹനപരിശോധന വിലക്കിയ നടപടി പോലീസിന് തിരിച്ചടി. പെറ്റി കേസ് പിടിച്ച് സര്‍ക്കാര്‍ ഖജനാവിലേക്കു പണമൊഴുക്കുന്നതിന് ഈ വിലക്ക് തിരിച്ചടിയാകും. വാഹനം തടഞ്ഞു രേഖകള്‍ പരിശോധിച്ചു പിഴയീടാക്കാന്‍ ഇനി എസ്.ഐ, എസ്.എച്ച്.ഒ മാര്‍ റോഡിലിറങ്ങേണ്ടിയും വരും.
അതേസമയം, തങ്ങളുടെ ജോലിഭാരം കുറഞ്ഞതില്‍ ആഹ്ളാദിക്കുന്ന ട്രോളുകളും ഗ്രേഡ് എസ്.ഐമാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പ്രവഹിക്കുന്നുണ്ട്. വാഹനം തടഞ്ഞ് പി.ഒ.എസ്. മെഷീന് ഉപയോഗിച്ച് പിഴയീടാക്കാന്‍ ഇനിമുതല്‍ ഗ്രേഡ് എസ്.ഐ. മാര്‍ക്ക് കഴിയില്ല.
പി.ഒ.എസ്. മെഷീന് സ്റ്റേഷന് എസ്.ഐയുടെയോ അല്ലെങ്കില്‍ എസ്.എച്ച്.ഒയുടെയോ പേരിലുള്ളതാണ്. പണം ഈടാക്കാന്‍ ഇനി ഇവരുടെ സാന്നിധ്യം വേണം. അല്ലെങ്കില്‍ എസ്.ഐ. ഉള്ളിടത്തേക്ക് നിയമലംഘകരുമായി പോലീസിനു പോകേണ്ടി വരും.
സംസ്ഥാനത്ത് കൂടുതലും വാഹനപരിശോധന നടത്തിവന്നത് രണ്ടു നക്ഷത്രക്കാരായ ഗ്രേഡ് എസ്.ഐ.മാരാണ്. ബൈക്കിലും മറ്റും പി.ഒ.എസ്. മെഷീനുമായി കറങ്ങിനടന്നായിരുന്നു പിഴയീടാക്കല്‍. സ്റ്റേഷനുകളില്‍ ശരാശരി 2000 മുതല്‍ 5000 രൂപവരെ പ്രതിദിന കളക്ഷനും ഇതുവഴി ലഭിച്ചിരുന്നു.
സ്റ്റേഷനില്‍ എസ്.ഐ., സി.ഐ. എന്നിവര്‍ ചെയ്യേണ്ട പല ജോലികളും തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നതില്‍ ഗ്രേഡ് എസ്.ഐ.മാര്‍ അമര്‍ഷത്തിലായിരുന്നു. ചട്ടവിരുദ്ധമായി, മൃതദേഹ പരിശോധനപോലും(ഇന്‍ക്വസ്റ്റ്) ഗ്രേഡ് എസ്.ഐമാരെക്കൊണ്ടാണ് എസ്.ഐ.മാര്‍ ചെയ്യിച്ചിരുന്നത്. ചോദ്യംചെയ്താല്‍ പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയന്ന് അനുസരിക്കുകയായിരുന്നു പതിവെന്നും ഗ്രേഡ് എസ്.ഐ.മാര്‍ പറയുന്നു.
ഇതിനിടെയാണ് വാഹന പരിശോധന നടത്താന്‍ ഗ്രേഡ് എസ്.ഐ. മാര്‍ക്കു കൂടി അധികാരം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി. സര്‍ക്കാരിനു കത്ത് നല്‍കിയത്. ഇതു നിരസിച്ച് കഴിഞ്ഞ 16 നാണ് ആഭ്യന്തര സെക്രട്ടറിയുടെ കത്ത് ഡി.ജി.പി.ക്ക് ലഭിച്ചത്.






