
എല്ലാ ജോലിമേഖലകളിലും ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങള്‍ ജീവനക്കാര്‍ അഭിമുഖീകരിക്കുന്നുണ്ട്. കോര്‍പറേറ്റ് മേഖലയിലുള്ള ജീവനക്കാര്‍ ആയിരിക്കും അല്പം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. കാരണം ഒരു ദിവസത്തെ ഭൂരിഭാഗം സമയവും ജോലി സ്ഥലങ്ങളിലായിരിക്കും ഒരു മനുഷ്യന് ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ അവിടുത്തെ അന്തരീക്ഷം മോശമാണെങ്കില്‍ അതെല്ലാ തരത്തിലും നമ്മളെ ബാധിക്കാന്‍ സാധ്യതയുണ്ട്. മാനസികാവസ്ഥയെ പോലും ഇത് ബാധിക്കും. അത്തരത്തില്‍ ഒരു ദുരനുഭവമുണ്ടായ ഒരു യുവതി രാജിവച്ചു. എന്നാല്‍ അവിടംകൊണ്ടൊന്നും തീര്‍ന്നില്ല. ജോലി രാജിവച്ച ശേഷം അവര്‍ തന്നോട് മോശമായി പെരുമാറിയതിന് ജോലി ചെയ്തിരുന്ന റസ്റ്ററന്റിനോടും അവിടുത്തെ മറ്റ് ജോലിക്കാരോടും പ്രതികാരവും ചെയ്തു. റെഡ്ഡിറ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവച്ചത്.
യുവതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു. തന്റെ ടീമിലെ ഒരേയൊരു സ്ത്രീ താനായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് ജോലിക്കാരും മാനേജ്മെന്റും മാനേജരുമെല്ലാം തന്നോട് വളരെ മോശമായിട്ടാണ് പെരുമാറിയിരുന്നത്. എന്നാല്‍, ജെന്‍ഡര്‍ കാര്‍ഡിറക്കി അതിനോട് പ്രതികരിക്കാന്‍ തനിക്ക് താല്പര്യം ഇല്ലായിരുന്നു. ഒടുവില്‍ പെട്ടെന്നൊരു ദിവസം താന്‍ ഒന്നും പറയാതെ ഓഫീസില്‍ നിന്നും മാറി നിന്നു.
പലരും തന്നോട് വാട്ട്സാപ്പില്‍ എന്താ വരാത്തത് എന്ന് അന്വേഷിച്ച് കൊണ്ട് മെസ്സേജ് അയച്ചു. എന്നാല്‍, താന്‍ മറുപടി ഒന്നും നല്‍കിയില്ല. അവരോട് എന്തെങ്കിലും മിണ്ടാന്‍ പോലും തനിക്ക് താല്പര്യമില്ലായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം താന്‍ ജോലിയും രാജിവച്ചു. എന്നാല്‍ ഇതിനുള്ള പ്രതികാരം കേട്ടാല്‍. ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകും.
ജോലി രാജിവച്ച ശേഷവും യുവതിക്ക് മാനേജറുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടായിരുന്നു. അവര്‍ അതിന്റെ പാസ്വേഡ് മാറ്റിക്കളഞ്ഞു. എല്ലാവരും ഉപയോഗിച്ചിരുന്ന അക്കൗണ്ടായിരുന്നു അത്. മാത്രമല്ല, മെനുവടക്കം റസ്റ്റോറന്റിലെ സകല കാര്യങ്ങളും ആ അക്കൗണ്ടിലായിരുന്നു ഉണ്ടായിരുന്നത്. അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് തനിക്ക് അറിയില്ല. തന്നെ ആരും വിളിക്കുകയോ ഇതേകുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവതി പറഞ്ഞു. പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റുമായി എത്തിയത്. യുവതിയുടെ പ്രവൃത്തിയെ ഭൂരിഭാഗം പേരും അനുകൂലിച്ചെങ്കിലും ചിലര്‍ വിമര്‍ശിക്കുകയും ചെയ്തു.






