
സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന കുരുന്നു ഗായകരെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയായ ടോപ്പ് സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കൊച്ചു ഗായകനാണ് കൗശിക് എസ്. വിനോദ്. പാട്ടിന്റെ വിസ്മയങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാനുള്ള കൗശിക്കിന്റെ കഴിവ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ അടുത്തറിഞ്ഞതാണ്. സ്റ്റേജ് ഷോകളിലെ റോക്ക് സ്റ്റാറാണിപ്പോള്‍ കൗശിക്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കൊച്ചു ഗായകന് എല്ലാ പുതിയ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇഷ്ടഗായിക റിമി ടോമിക്കൊപ്പം വേദി പങ്കിടുന്ന വീഡിയോയാണ് കൗശിക് പങ്കിട്ടിരിക്കുന്നത്. കലാഭവന്‍ മണിയുടെ ഓടേണ്ട ഓടേണ്ട എന്ന പാട്ട് കൗശിക് പാടുന്നതിനിടയില്‍ റിമി ടോമി രസകരമായി സംസാരിക്കുന്നതും ഇന്ററാക്ട് ചെയ്യുന്നതും വീഡിയോയില്‍ കാണാം. സംസാരിച്ചു കൊണ്ടു തന്നെ ഓടേണ്ട ഓടേണ്ട എന്ന പാട്ടും റിമി പാടുന്നുണ്ട്. ചിരിച്ചും ചിരിപ്പിച്ചും റിമി വേദിയെ ഇളക്കിമറിക്കുകയാണ്. അവസാനം രണ്ടാളും കൂടി അടിച്ചു പൊളിച്ച് പാട്ടും പാടുന്നുണ്ട്. ‘‘അവസാനം വരെ കാണുക...കലൂർ സ്റ്റേഡിയത്തിലാണ് ഇന്നലത്തെ ഷോ...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് കൗശികിന്റെ ഒഫീഷ്യല്‍ പേജിലൂടെ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. രണ്ടുപേരുടെയും പാട്ട് കേട്ട് കാണികള്‍ കരഘോഷം തീര്‍ക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. കൊച്ചിയില്‍ വച്ചുള്ള പരിപാടിയാണെന്നും കൗശിക് കുറിച്ചിട്ടുണ്ട്.
നിരവധി പേര് വീഡിയോയ്ക്ക് താഴെ കമന്റുകളും ലൈക്കുകളും ഇടുന്നുണ്ട്. ‘റിമിയുടെ ഈ ഇന്ററാക്ഷന് മോഡൽ എല്ലാ ഗാനമേ ആർട്ടിസ്റ്റുകളും പാoമാക്കേണ്ടതാണ്, റിമിക്ക് മാത്രം പറ്റുന്ന ഐറ്റംസ് ആണ്, സ്റ്റേജ് കയ്യിലെടുക്കാൻ റിമിടോമിയെ പോലെയുള്ളവർ കുറവാണ്’ എന്നതടക്കമാണ് കമന്റുകള്‍






