
പലപ്പോഴും ഇന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. യാത്രക്കാരില്‍ നിന്നും ഭക്ഷണത്തിനും മറ്റ് വസ്തുക്കള്‍ക്കും അമിത വില ഈടാക്കുന്നത് തന്നെയാണ് പ്രധാന കാരണം. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ നേടുന്നത്. മുംബൈ എയര്‍പോര്‍ട്ടിലെ ഒരു റസ്റ്റോറന്റില്‍ നിന്നുള്ള മസാലദോശയുടെ വീഡിയോയാണ് ഇത്. ഇതില്‍ മസാല ദോശയുടെ വില തന്നെയാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരിക്കിയത്. ദോശയുടെ വില കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ സ്വര്‍ണ്ണത്തിന്റെ വിലയുമായി മസാലദോശയുടെ വില താരതമ്യം ചെയ്തിരിക്കുകയാണ്.
@chefdonindia എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ച് ഷെഫ് ഡോണ്‍ ഇന്ത്യ ഇങ്ങനെ എഴുതി, 'മുംബൈ എയര്‍പോര്‍ട്ടില്‍ സ്വര്‍ണ്ണത്തിന് ദോശയേക്കാള്‍ വില കുറവ്, വെറും 600 രൂപ.' വീഡിയോയുടെ തുടക്കത്തില്‍ ഒരു മസാല ദോശ ഉണ്ടാക്കുന്നതാണ് കാണുന്നത്. കാഴ്ചയില്‍ വളരെ സാധാരണമായ ഒന്ന്. പരത്തിവലുതാക്കിയ ദോശയില്‍ മധ്യത്തിലായി. അല്പം മസാലയുണ്ട്. ശ്രദ്ധിച്ച് നോക്കിയാല്‍ കാണാം. പിന്നീട് ഷെഫ്, ദോശ മൂന്ന് വശത്ത് നിന്നും മടക്കുന്നു. ഇതിനിടെ വീഡിയോ മുകളിലെ വില നിലവാരത്തിലേക്ക് പോകുന്നു. അവിടെ മസാല ദോശയ്ക്ക് 600 (ബട്ടര്‍ മില്‍ക്കോടെ), ലെസി അഥവാ ഫില്‍റ്റര്‍ കോഫിയും കൂടിയാണെങ്കില്‍ 620 രൂപ. നെയ്റോസ്റ്റ് 600 രൂപ (ബട്ടര്‍ മില്‍ക്കോടെ), ലെസി അഥവാ ഫില്‍റ്റര്‍ കോഫിയും കൂടിയാണെങ്കില്‍ 620. ബീനെ ഖാലി 620 (ബട്ടര്‍ മില്‍ക്കോടെ), ലെസി അഥവാ ഫില്‍റ്റര്‍ കോഫിയും കൂടിയാണെങ്കില്‍ 640 രൂപ എന്നിങ്ങനെയാണ് വില നല്‍കിയിരിക്കുന്നത്.
വില കണ്ടതും നെറ്റീസണ്‍സിന്റെ കണ്ണ് തള്ളി. ഒരു മസാല ദോശയ്ക്ക് ഇത്രയേറെ വിലയോ? എന്നാണ് പലരും ഉയര്‍ത്തിയ ചോദ്യം. ഒരു കോടിയിലേറെ പേര് വീഡിയോ കണ്ടപ്പോള്‍, രണ്ട് ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോയ്ക്ക് ലൈക്ക് അടിച്ചത്. 600 രൂപ കൊടുത്ത് ആരാണ് ഈ മസാല ദോശ കഴിക്കുന്നത് എന്നായിരുന്നു ഒരു കാഴ്ചക്കാരന് അത്ഭുതപ്പെട്ടത്. എല്ലാ എയര്‍പോര്‍ട്ടിലും ഇത് തന്നെയാണ് പ്രശ്നമെന്ന് മറ്റൊരാള്‍ എഴുതി. അത് ആ സ്ഥലത്തിന്റെ പ്രശ്നമാണെന്നും അവര്‍ അമിത കെട്ടിട വാടകയാണ് നല്‍കേണ്ടിവരുന്നത് കൊണ്ടാണെന്നും മറ്റൊരാള്‍ എഴുതി. അത് വായില്‍വയ്ക്കാന്‍ കൊള്ളാത്തതാണ്, പ്രത്യേകിച്ചും ആ പേര് കേട്ട ചട്ട്ണി മറ്റൊരു അനുഭവസ്ഥന് എഴുതി.






