
പാലവും റോഡുമെല്ലാം ഭൂമാഫിയകള്‍ അടിച്ചുമാറ്റുന്നതിന്റെ റിപ്പോര്‍ട്ട് വരുന്ന ബീഹാറില്‍ ഒറ്റരാത്രി ഇരുട്ടിവെളുത്തപ്പോള്‍ മോഷണം പോയത് 'കുളം'. ഒറ്റരാത്രികൊണ്ട് കുളം മണ്ണിട്ടുനികത്തി ഇവിടെ കുടിലു വെച്ചു. ബീഹാറിലെ ദര്‍ഭാംഗ ജില്ലയില്‍ നടന്ന സംഭവത്തില്‍ സര്‍ക്കാര്‍ വക ഭൂമിയാണ് ഭൂമാഫിയ കയ്യേറി അതിക്രമം കാണിച്ചിരിക്കുന്നത്. ഈ അസാധാരണ മോഷണത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുളത്തിന് മുകളില്‍ മണ്ണിട്ട് നികത്തിയ ശേഷം അവിടെ കെട്ടിടം വെച്ചു. രാത്രിയില്‍ ഈ ഭൂമിയില്‍ ട്രക്കുകളും മണ്ണുമാന്തി യന്ത്രങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്ത് മണ്ണിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ കുളം ഉണ്ടായിരുന്നതിന്റെ ഒരു തെളിവുകളും ബാക്കിയില്ലാത്ത നിലയിലായിരുന്നു പണികള്‍.
കുളം പൊതു ഉടമസ്ഥതയിലുള്ളതാണെന്നും മത്സ്യബന്ധനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിപാലിക്കപ്പെട്ടിരുന്നതാണെന്നും പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ദര്‍ഭംഗയിലെ ഭൂമിയുടെ വിലക്കയറ്റം മാഫിയയുടെ കണ്ണുവെട്ടിച്ചു. അതേസമയം കഴിഞ്ഞ പത്തു പതിനഞ്ചു ദിവസമായി ഇവിടെ കുളംനികത്തല് ജോലികള്‍ നടന്നുവരുന്നുണ്ടായിരുന്നു. നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചതോടെ മാഫിയ ഇത് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പിന്നീട് ഇന്നലെ രാത്രിയോടെ കുളം പൂര്‍ണ്ണമായും നികത്തി വീടുവെക്കുകയായിരുന്നു.
ആ വര്‍ഷം ആദ്യം, റോഹ്താസ് ജില്ലയില്‍ 60 അടി പാലം മുഴുവന്‍ മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഉള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും പ്രതികളില്‍ നിന്ന് 247 കിലോ ഇരുമ്പ് ചാനലുകള്‍ കണ്ടെടുക്കുകയും ചെയ്തു. മോഷ്ടാക്കള്‍ ജെസിബിയും ഗ്യാസ് കട്ടറും ഉപയോഗിച്ച് പൊളിച്ചുനീക്കി മൂന്ന് ദിവസത്തിനുള്ളില്‍ പാലം അപ്രത്യക്ഷമാകുകയായിരുന്നു.






