
ബാലസോർ: ഇന്ത്യയുടെ പ്രതിരോധ കരുത്ത് വർധിപ്പിച്ച് അഗ്നി-5 മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒന്നിലധികം പേ ലോഡുകൾ വഹിക്കാൻ കഴിവുള്ള മിസൈലിന് നൂറുകണക്കിന് കിലോമീറ്റർ ചുറ്റളവിൽ ഒരേസമയം ആക്രമണം നടത്താൻ സാധിക്കും. മെയ് 8-ന് അബ്ദുൾ കലാം ഐലൻഡിൽ നിന്നായിരുന്നു ഇന്ത്യയുടെ അത്യാധുനിക മിസൈലിന്റെ പരീക്ഷണം നടന്നത്.
5,000 കിലോമീറ്ററിൽ കൂടുതലാണ് അഗ്നി-5 ന്റെ ദൂരപരിധി. മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധന എഞ്ചിനാണ് ഇതിനുള്ളത്. ഈ മിസൈലിൽ 4 മുതൽ 5 വരെ യുദ്ധമുനകൾ ഘടിപ്പിക്കാൻ കഴിയുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത് വേർപെട്ട് ഒരേസമയം പല ലക്ഷ്യങ്ങളിൽ പ്രഹരിക്കും. ഈ നേട്ടത്തോടെ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന സവിശേഷമായ പദവിയിലേക്ക് ഇന്ത്യയും എത്തിച്ചേർന്നു.
തദ്ദേശീയമായി വികസിപ്പിച്ച ഏവിയോണിക്സ് സംവിധാനങ്ങളും ഉയർന്ന കൃത്യതയുള്ള സെൻസർ പാക്കേജുകളും അഗ്നി-5-ൽസജ്ജീകരിച്ചിട്ടുണ്ട്. ഡിആർഡിഒയിലെ വനിതാ ശാസ്ത്രജ്ഞരാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്.






