
ആര്‍ക്കും നിര്‍വചിക്കാനാവാത്ത ഒരു പ്രഹേളികയാണ് ജീവിതം! ആര്‍ക്കും പൂരിപ്പിക്കാന്‍ പറ്റാത്ത സമസ്യയാണത്...! അതിലേറെ മനോഹരവും സങ്കീര്‍ണവുമാണ് പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും കാര്യം. ഒരു മനുഷ്യന്റെ ജനനം മുതല്‍ തുടങ്ങുന്ന നിയോഗങ്ങളുടെ പരമ്പര മരണം വരെ തുടരുന്നു. കൊടിയ ദാരിദ്ര്യത്തില്‍ ബാല്യ-കൗമാര- യൗവനം പിന്നിടുകയും അസാധാരണമായ ഇച്ഛാശക്തിയിലൂടെയും പോരാട്ട വീര്യത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും പിന്നീടുള്ള ജീവിതം മനോഹരമാക്കുകയും പിന്നിട്ട വഴികള്‍ മറക്കാതെ നിശബ്ദമായി ജീവകാരുണ്യ പ്രവര്‍ത്തനം തുടരുകയും ചെയ്യുന്ന ജോളി ജോസഫ് എന്ന ഉലകം ചുറ്റും വാലിബന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
''ജീവിതത്തില്‍ നമുക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, നമ്മളേക്കാള്‍ പ്രശ്നങ്ങളെ നേരിടുന്നവരെക്കുറിച്ച് നമ്മള് ഒരിക്കലും ചിന്തിക്കുകയില്ല. എന്നാല്‍ മറ്റുള്ളവരുടെ ജീവിതം നേരിട്ട് കാണുമ്പോള്‍ അനുഭവപ്പെടുമ്പോള്‍ മനസ്സിലാകും നമ്മള് എത്രയോ ഭേദമായിരുന്നെന്ന്. എന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ അങ്ങനെയുള്ള ഒരുപാട് അനുഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്. മരപ്പണിക്കാരനായിരുന്ന കൊടിയ ദാരിദ്ര്യത്താല്‍ മരണപ്പെട്ട എന്റെ അപ്പൂപ്പന്റെ രണ്ടാമത്തെ മകനായിരുന്നു ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന എന്റെ അപ്പച്ചന് സഖാവ് ടി. ജോസഫ്. അദ്ദേഹവും ഞാനും ജനിച്ചത് ആലുവയിലാണ്. കേരളത്തില്‍ സ്വകാര്യ തോട്ടം തൊഴിലാളി യൂണിയന് ഉണ്ടാക്കിയവരില്‍ സ്പീക്കര്വരെയായിരുന്ന എ.പി. കുര്യനും സഖാവ് ഡോ. പിഷാരടിക്കുമൊപ്പം സത്യസന്ധമായ കമ്മ്യൂണിസത്തോട് അലിഞ്ഞുചേര്‍ന്ന, പൊതുജന സേവനത്തിനിടയില്‍ സ്വന്തം വീടും വീട്ടുകാരെയും മറന്ന എന്റെ അപ്പച്ചന് സഖാവും ഉണ്ടായിരുന്നു...! എന്റെ അപ്പച്ചന് അത്യധികം വിശ്വസിച്ചിരുന്ന വളരെ അടുത്ത ബന്ധുക്കള്‍ ചതിച്ചതിനാല്‍ എല്ലാം നഷ്ടപ്പെട്ട് ഞങ്ങളുടെ കുടുംബം കൊടും കാടിനോട് ചേര്‍ന്ന ഏഴാറ്റുമുഖമെന്ന കുഗ്രാമത്തിലേക്ക് പറിച്ചു നടപ്പെട്ടു. എന്റെ ഓര്‍മ്മയില്‍ ചാലക്കുടി ഇടതു കര കനാലിന്റെ പുറംപോക്കില്‍ നാട്ടുകാര്‍ സഹായമായി നല്കിയ ആറു മരക്കാലില്‍ വെച്ചുകെട്ടിയ, ഓലഷെഡ്ഡ് - അതായിരുന്നു എന്റെ ആദ്യ വീട്. അവിടെ ഞങ്ങള്‍ അഞ്ചു മക്കളും അപ്പച്ചനും അമ്മച്ചിയും അപ്പച്ചന്റെ അമ്മയും...! സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടി കമ്മ്യൂണിസ്റ്റായ അപ്പച്ചന് വീടുവിട്ടിറങ്ങിയപ്പോള്‍ എന്റെ പാവം അമ്മച്ചി കൂലിപ്പണിക്ക് പോയി കുടുംബം നോക്കിയിരുന്നു. തോട്ടം തൊഴിലാളി യൂണിയന് നേതാവായിരുന്ന അപ്പച്ചന് പാര്‍ട്ടിയുടെ സമരങ്ങള്‍ നയിക്കുന്നതിനാല്‍ പോലീസ് അദ്ദേഹത്തെ നിര്‍ദ്ദയം ക്രൂരമായി മര്‍ദിച്ചിരുന്നു. അമ്മച്ചിയെന്ന ഒരാളുടെ കൂലികൊണ്ട് മാത്രം ഞങ്ങളുടെ ജീവിതം തട്ടിയും മുട്ടിയും മുന്നോട് പോകുമ്പോള്‍ അഞ്ചു മക്കളില്‍ നടുവിലത്തെ മകനായ എന്നെയും മൂത്ത ചേട്ടനെയും ചേച്ചിയെയും അടുത്തുള്ള സ്കൂളില്‍ ചേര്‍ത്തു. ഉച്ചഭക്ഷണമായി കിട്ടിയിരുന്ന ഗോതമ്പു കുറുക്കായിരുന്നു സ്കൂളിലേക്ക് പോകാനുള്ള എന്റെ ഏറ്റവും വലിയ പ്രലോഭനം. ഗോതമ്പു കുറുക്ക് വേവിക്കുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത പാത്രത്തിന്റെ അടിയില്‍ പിടിച്ച കറുത്ത കുറുക്ക് തേക്കിലയില്‍ പൊതിഞ്ഞ് കൊണ്ടുവന്ന് വീട്ടില്‍ അമ്മച്ചിയെ ഏല്പിക്കുമായിരുന്നു.
സത്യത്തില്‍ ശരിക്കും കഷ്ടപ്പാടിന്റെതായ കാലഘട്ടം. അപകര്‍ഷതാബോധം കൊണ്ട് സ്കൂളില്‍ പോകാന്‍ പൊതുവെ മടിയായിരുന്നെങ്കിലും പഠിക്കാന്‍ ഒരുപാട് ഇഷ്ടമായിരുന്ന ഞാന്‍ യു.പി. സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ അതും സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ സ്കൂള്‍ ലീഡറുമായിരുന്നു. പാലിശേരിയിലുള്ള എസ്.എന്‍.ഡി.പി. വായനശാലയില്‍ നിന്നും മൂക്കന്നൂരിലെ വായനശാലയില്‍നിന്നും പുസ്തകങ്ങളെടുത്ത് ധാരാളം വായിക്കുമായിരുന്നു. അന്നത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യകാരന് കോട്ടയം പുഷ്പനാഥായിരുന്നു! അതിനിടെ ഏഴാം തരത്തിലെ പരീക്ഷയുടെ മാര്‍ക്ക് അനുസരിച്ച് സര്‍ക്കാരിന്റെ മെറിറ്റ് സ്കോളര്‍ഷിപ് കിട്ടി. ഏഴാംതരം അവസാനിച്ചപ്പോള്‍ പഠനം വഴിമുട്ടിയെങ്കിലും എട്ടു കിലോമീറ്റര്‍ ദൂരമുള്ള അനാഥശാല വക സ്കൂളില്‍ ചേര്‍ന്നു. ബസ്സിന് കാശില്ലാത്തതിനാല്‍ ഒരു ദിവസം പതിനാറ് കിലോമീറ്റര്‍ നടന്നിരുന്നു. പഠനത്തിനിടയിലും ആഹാരത്തിനുള്ള വക കണ്ടെത്താന്‍ ഞാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. സിനിമയോ, ടി.വി. യോ ഇല്ലാത്ത ഞങ്ങളുടെ ഗ്രാമങ്ങളില്‍ എല്ലാ മാസങ്ങളിലും നാടക പരിപാടികള്‍ നടക്കുമ്പോള്‍ അവിടത്തെ ചുക്കുകാപ്പി കപ്പലണ്ടി കച്ചവടം ഞാന്‍ ഏറ്റെടുക്കും. ചെറിയൊരു തുക അതില്‍നിന്ന് കിട്ടുമെങ്കിലും വന്നുകൊണ്ടിരുന്ന നാടകക്കാരുമായെല്ലാം നല്ല ബന്ധം സ്ഥാപിക്കാനായത് അനുഗ്രഹമായി. നാടകക്കാരിലെ ചെറിയ വേഷക്കാരില്‍ ആരെങ്കിലും വന്നില്ലെങ്കില്‍ പകരക്കാരനായി ഞാന്‍ പെണ് വേഷത്തിലും ആണ് വേഷത്തിലും വേദിയില്‍ കയറി. കച്ചവടത്തില്‍ നിന്നും ഇടവേളയെടുത്ത് ഒന്ന് വായിച്ചാലുടനെ ഡയലോഗുകള്‍ മനസില്‍ പതിയുമായിരുന്ന ഞാന്‍ വേഗം വേഷമണിഞ്ഞ് തട്ടേല്‍ കയറും. പട്ടിണി മാറാന്‍ പണമായിരുന്നു ലക്ഷ്യമെന്നതിനാല്‍ കണക്കുപറഞ്ഞു പണം ചോദിച്ചു വാങ്ങും. സൗഹൃദത്തിന്റെ പേരില്‍ സൗജന്യമായി ഒരു നാടകവും കളിച്ചിട്ടില്ല. അന്നൊക്കെ ചെറിയ വേഷക്കാര്‍ക്ക് രണ്ടോ, മൂന്നോ രൂപ കിട്ടും. എന്റെ ഒരു ദിവസത്തെ ലക്ഷ്യം ഒരു രൂപ മാത്രമായിരുന്നു. എണ്പതു പൈസക്ക് ഒരുകിലോ റേഷന്‍ പച്ചരി. പത്തു പൈസക്ക് ഒരു കുമ്പിള് വെളിച്ചെണ്ണ, പത്തു പൈസക്ക് പരിപ്പ്. അന്ന് എന്റെ വീട്ടില്‍ ഓണം! ഇന്നും എന്റെ പേഴ്സ് തുറന്നാല്‍ ആദ്യം കാണുന്നത് പഴയ ഒരു രൂപ നോട്ടാണ്. ഒരു ദിവസത്തെ എന്റെ ലക്ഷ്യം ഓര്മപ്പെടുത്താന് അതുതന്നെ ധാരാളം...! ചേട്ടന് നല്ല മാര്‍ക്ക് ലഭിച്ചപ്പോള്‍ ഫെഡറല്‍ ബാങ്കുകാര് പഠിപ്പിച്ച് ജോലിക്കെടുത്തോളാം എന്നു വാഗ്ദാനം നല്കി. മൂത്ത സഹോദരിക്ക് അതിനിടയില്‍ പോസ്റ്റോഫീസിലെ എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി കിട്ടി. മാസം 50 രൂപ ശമ്പളം. ലോട്ടറി അടിച്ച സന്തോഷമായിരുന്നു എല്ലാവര്ക്കും. അതിനിടയില്‍ അമ്മച്ചിയുടെ കൂടെ ഞാനും പലതരം കൂലിപ്പണികള്‍ക്ക് പോയി കഷ്ടപ്പെട്ടു. അയല്‍വക്കത്തെ കൂട്ടുകാരന് ബേബിയുടെ ഷര്‍ട്ടും മുണ്ടും കടം വാങ്ങി അനാഥശാല സ്കൂളിലെ പത്താംതരം പരീക്ഷയെഴുതി നല്ല മാര്‍ക്കോടെ ജയിച്ചെങ്കിലും വീണ്ടും പഠനം വഴിമുട്ടി. എന്റെ കാര്യം ത്രിശങ്കുവിലായി. എനിക്ക് പഠിക്കണമായിരുന്നു. അതിനുവേണ്ടി ഒരുപാട് പള്ളികളും മഠങ്ങളും വലിയ വലിയ ആളുകളുടെ വീടുകളും കയറിയിറങ്ങി എല്ലാവരും കൈമലര്‍ത്തി, പലരും കളിയാക്കി. നിവര്‍ത്തിയില്ലാതെ ഞാന്‍ വീണ്ടും അമ്മച്ചിയുടെ കൂടെ പലരുടെയും പാടത്തേക്കും പറമ്പിലേക്കും പണിക്കിറങ്ങി. തോട്ട പൊട്ടിച്ച് മീന്‍ പിടിച്ചുള്ള വില്പന, വനത്തിലെ കൂപ്പില് തടിമുറിക്കല്‍, ഈറ്റ വെട്ടല്‍ റബ്ബര്‍ വെട്ടല്‍, പാല് കച്ചോടം, നായാട്ട്, തലച്ചുമട് തുടങ്ങി ഓരോന്നായി പയറ്റി തെളിഞ്ഞു. ഇതിനിടയില്‍ ഒരു തവണ ഒളിച്ചോടി നാടുവിട്ടു. പക്ഷേ, കോഴിക്കോട് നിന്നും കൂടെവന്നവരുടെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുവന്നു. പിന്നീട് സങ്കടം സഹിക്കാനാകാതെ രണ്ട് തവണ തീവണ്ടിക്ക് തലവച്ച് ആത്മഹത്യാ ശ്രമവും നടത്തി. ഓരോ തവണയും ഞങ്ങള്‍ക്ക് വേണ്ടി പെടാപാട് പെടുന്ന പാവം അമ്മച്ചിയുടെ മുഖം മനസ്സില്‍ തെളിഞ്ഞുകൊണ്ടിരുന്നാല് അതും എട്ടു നിലയില്‍ പൊട്ടി പാളീസായി. എനിക്കാണെങ്കില്‍ എറണാകുളത്തെ മഹാരാജാസില്‍ പഠിക്കാന്‍ അതിമോഹം. പക്ഷേ, ആരോട് പറയാന്‍, ആര് സഹായിക്കാന്‍? അവസാനം പഠിക്കാനുള്ള മോഹം കൊണ്ടു മാത്രം പള്ളീലച്ചന്റെ ശുപാര്‍ശയോടെ കളമശ്ശേരി രാജഗിരിയില്‍ പോയി. നാല് ദിവസം രാജഗിരിയില്‍ താമസിച്ച് ആനന്ദിച്ചനുഭവിച്ചു..! ജീവിതത്തിലാദ്യമായി മൂന്നുനേരം കുശാലായ കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങള്‍. എനിക്കത് ധാരാളം മതിയായിരുന്നു. സ്വപ്നലോകത്തിലായിരുന്ന ഞാന്‍ വൈദീകന് ആകുമെന്ന് മനസ്സില്‍ അടിവരയിട്ട് ഉറപ്പിച്ചു. അപ്പോഴാണ് വീട്ടുകാരുടെ സമ്മതപത്രം വേണമെന്നു പറഞ്ഞ് കടലാസും തന്ന് എന്നെ വീട്ടിലേക്ക് വിടുന്നത്. വീട്ടിലെത്തിയപ്പോള്‍ അപ്പച്ചന് സഖാവ് നാട്ടുകാര്‍ക്ക് വേണ്ടി ഒറ്റയ്ക്ക് കിണര്‍ കുഴിക്കുന്നതു കണ്ട് ഞാനീ കടലാസും കൊണ്ട് കയര്‍ കോണിയിലൂടെ കിണറിനകത്തേക്ക് ഇറങ്ങി. കാര്യം പറഞ്ഞ് ഒപ്പിടാന്‍ കടലാസു കൊടുത്തതും എന്റെ മുഖത്തേക്കൊന്നു നോക്കി. 'നീ അച്ചനുമാകില്ല ഒരു കോപ്പുമാകില്ല' എന്നൊരൊറ്റ ഡയലോഗില്‍ കടലാസ് നാലായി കീറി മേലേക്കെറിഞ്ഞതും എന്റെ അച്ചന് പട്ടത്തിന്റെ സമ്മതപത്രം കിണറ്റിനുള്ളില്‍ പട്ടമായി പറന്നു താഴെ വീണു മണ്ണിനോട് ചേര്‍ന്നതും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. ഞാന്‍ ഇഷ്ടംകൊണ്ട് അച്ചനാകാന്‍ പോയതല്ലെന്ന് അപ്പച്ചന് ജ്ഞാനദൃഷ്ടിയില്‍ അറിഞ്ഞിട്ടുണ്ടാവണം. അവിടം കൊണ്ടും പ്രശ്നം തീര്‍ന്നില്ല. എന്റെ സ്ഥാവരജംഗമ വസ്തുക്കളായ ഒരു ജോടി വസ്ത്രം തിരിച്ച് കൊണ്ടുവരണം. വേറെ ഉടുക്കാനില്ല. പലപ്പോഴും കൂടെ പണിയെടുത്തിരുന്ന ബസ്സുകാരെ അറിയാവുന്നതു കൊണ്ട് സൗജന്യ യാത്രയില്‍ രാജഗിരിയിലെത്തി. സമ്മതപത്രം ഇല്ലാതെ വന്നതുകൊണ്ട് അത്ര പന്തിയല്ലാതെ നിന്നിരുന്ന അവിടുത്തെ അച്ചന്മാരോട് കാര്യം പറഞ്ഞു. പക്ഷേ, തിരികെ സൗജന്യ യാത്ര സങ്കടകരമായതിനാല് എന്റെ സാമഗ്രികളുമെടുത്ത് കളമശേരിയില്‍ നിന്നും റെയില്‍ ട്രാക്കിലൂടെ നടന്നു. ഭൂമി ഉരുണ്ടതാണെന്ന് പറയുന്നതുപോലെ എങ്ങനെയോ തിരിച്ച് വീണ്ടും വീട്ടിലെത്തി. പണിയെടുക്കുക, പഠിക്കുക, പുട്ടടിക്കുക എന്ന ചിന്ത മാത്രമായി. പ്രസംഗ മത്സരത്തിലും ക്വിസ്സ് പ്രോഗ്രാമുകളിലും യുറേക്ക ടാലെന്റ്റ് ടെസ്റ്റുകളിലും ഒന്നാം സ്ഥാനത്തായിരുന്ന എനിക്ക് മുന്നൂര്പ്പള്ളി വികാരിയച്ചന് വഴി എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്സ് കോളജില്‍ പ്രവേശനം ലഭിച്ചു.






