
പഠിക്കാനും പണിയെടുക്കാനും ജീവിക്കാനുമെല്ലാം വിദേശം മതിയെന്ന പുതിയ തലമുറയിലെ ട്രന്റ് കേരളത്തിലെ പരമ്പരാഗത ഗ്രാമങ്ങളെ പ്രേതാലയമാക്കി മാറ്റുന്നു. വിദേശരാജ്യങ്ങളിലേക്ക് പഠിക്കാനും തൊഴിലെടുക്കാനും പോകുന്നവര്‍ പ്രവാസികളായി ശിഷ്ടജീവിതം കുടിയേറുന്ന രാജ്യത്ത് ചെലവഴിക്കാന്‍ തുടങ്ങിയതോടെ കേരളത്തില്‍ വീടുകളും ബാങ്കുബാലന്സുകളുമായി ഉപക്ഷേിക്കപ്പെട്ടിരിക്കുന്നത് ലക്ഷങ്ങള്‍.
കേരളത്തില്‍ അടച്ചിട്ടിരിക്കുന്ന 12 ലക്ഷം വീടുകളില്‍ 60 ശതമാനവും വിദേശത്ത് സ്ഥിരതാമസമാക്കിയവരുടേതാണെന്ന് 2011ലെ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. സെന്‍സസ് പത്തുവര്‍ഷം പിന്നിട്ടതോടെ ഈ കണക്കുകള്‍ ഇനിയും പലമടങ്ങ് കൂടിയിരിക്കാം. ആഭ്യന്തരസംഘര്‍ങ്ങളും യുദ്ധവും സ്വേച്ഛാധിപത്യ ഭരണവാഴ്ചയായി കണക്കാക്കുന്ന രാജ്യങ്ങളും ഉള്‍പ്പെടെ മിക്കവാറും രാജ്യങ്ങളിലും മലയാളികള്‍ ഉണ്ട്.
ലോകരാജ്യങ്ങളുടെ കണക്കുകള്‍പ്രകാരം 93 ശതമാനം രാജ്യങ്ങളിലും മലയാളികളുണ്ട്. 195 രാജ്യങ്ങളില്‍ 182 രാജ്യങ്ങളിലും കേരളീയര്‍ ജോലി ചെയ്യുന്നുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലും പറയുന്നു. സംഘര്‍ഷഭരിതമായ സ്ഥലങ്ങളില്‍ പോലും മലയാളികള്‍ ജീവിക്കുന്നു. പലസ്തീന്, സിറിയ, ഉക്രെയ്ന് തുടങ്ങിയ യുദ്ധമേഖലകളിലും ഭരണ വെല്ലുവിളികള്‍ നേരിടുന്ന സൊമാലിയ, സിയറ ലിയോണ്‍, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലും അവര്‍ ജോലി ചെയ്യുന്നു. തുര്‍ക്ക്മെനിസ്ഥാന്‍, സൈനിക ഭരണകൂടം ഭരിക്കുന്ന മ്യാന്മര്, ഏറ്റവും പഴയ രാജ്യമായ ഇറാന്, ഏറ്റവും പുതിയ രാജ്യമായ ദക്ഷിണ സുഡാന്, ഇസ്രായേല്‍, റഷ്യ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍ എന്നിവിടങ്ങളിലെല്ലാം മലയാളികള്‍ ജോലി ചെയ്യുകയും ജീവിക്കുകയും പലതരം കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
തൊഴില്‍ തേടി കേരളം വിടുന്നവര്‍ക്കിടയില്‍ രണ്ടു പ്രധാന കുടിയേറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അവിദഗദ്ധരായ തൊഴിലാളികളില്‍ കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത് ഗള്‍ഫ് രാജ്യങ്ങളാണ്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് ഇവര്‍ പോകുമ്പോള്‍ വിദ്യാസമ്പന്നരും തൊഴില്‍ വൈദഗ്ദധ്യം നേടിയവരുടേതുമായ സംഘം പോകുന്നത് പാശ്ചാത്യരാജ്യങ്ങളിലേക്കാണ്. അവിദഗ്ദ്ധ ഗ്രൂപ്പില്‍ വരുന്നവര്‍ വരുന്ന ഗള്‍ഫില്‍ യുഎഇയിലാണ് ഏറ്റവും കൂടുതല്‍. ഏകദേശം രണ്ട് ലക്ഷത്തോളം മലയാളികള്‍ അവിടെ ജോലി ചെയ്യുന്നു. സൗദി അറേബ്യയും ഖത്തറും തൊട്ടുപിന്നിലുണ്ട്.
അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കുടിയേറാനുള്ള പ്രവണത കാട്ടുന്ന അതേസമയം മികച്ച വിദ്യാഭ്യാസവും തൊഴില്‍ വൈദഗ്ദ്ധ്യവുമുള്ളവര്‍ ഉയര്‍ന്ന ശമ്പളവും ജീവിതസാഹചര്യവും മുന്നില്‍ കാണുന്നു. ഈ ഗ്രൂപ്പിലെ പലരും പിന്നീട് സ്ഥിരതാമസമോ പൗരത്വമോ നേടുന്നതോടെ കേരളത്തിലേക്ക് മടങ്ങാനുള്ള സാധ്യത വിരളമാകുന്നു. ഇതിനൊപ്പം ചെന്നു കയറുന്ന രാജ്യങ്ങളിലെ ജീവിതച്ചെലവ്, പണപ്പെരുപ്പം, തൊഴിലില്ലായ്മ നിരക്ക്, ഈ രാജ്യങ്ങളില്‍ ഉണ്ടാകുന്ന വായ്പകളും നിക്ഷേപങ്ങളും നാട്ടിലെ പ്രവര്‍ത്തന വര്‍ഷങ്ങള്‍ കുറഞ്ഞതുമെല്ലാം കുടിയേറിയ രാജ്യത്ത് ഇവരെ പിടിച്ചു നിര്‍ത്തുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് പൗരത്വം നല്കുന്ന നയമില്ലാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്ക് മടങ്ങേണ്ടി വരും, പക്ഷേ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ ഒരിക്കലും മടങ്ങിവരില്ല. ജോലിക്ക് വേണ്ടി മാത്രമല്ല, വിദ്യാഭ്യാസത്തിനും വേണ്ടിയും മലയാളികള്‍ കേരളത്തില്‍ നിന്ന് പോകുന്നുണ്ട്. നിലവിലെ ട്രെന്റില്‍ മലയാളികള്‍ കുടിയേറാനോ പഠിക്കാന്‍ പോകാനോ താല്‍പ്പര്യം കാട്ടാത്ത രണ്ടേരണ്ട് രാജ്യങ്ങള്‍ പാകിസ്ഥാനും ഉത്തര കൊറിയയുമാണ്. എന്നാല്‍ ജമൈക്ക, കുറാക്കോ, ബംഗ്ലാദേശ്, ഐല്‍ ഓഫ് മാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ 54 രാജ്യങ്ങളില്‍ കേരളീയര്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്.
കേരളത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കി വിദേശത്ത് ഡിപ്ലോമ, ബിരുദാനന്തര കോഴ്സുകള്‍ നേടുന്നതായിരുന്നു മുമ്പത്തെ പതിവ്. ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തന്നെ വിദേശത്തേക്ക് അവസരങ്ങള്‍ നോക്കുന്ന രീതിയുണ്ട്. കേരളത്തിലെ ഒരു സ്വകാര്യ ഏജന്‍സി 2023ല്‍ മാത്രം 11,636 വിദ്യാര്‍ത്ഥികള്‍ക്ക് വിസ ക്രമീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
വിദേശത്ത് പഠിക്കാന്‍ പോകുന്ന മലയാളികള്‍ക്കിടയിലെ പുതിയ ട്രന്റ് കേരളത്തിലെ സര്‍വകലാശാലകളിലെ സീറ്റൊഴിവുകള്ക്കും കാരണമാകുന്നതായും റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ നാലു പ്രധാന സര്‍വകലാശാലകളില്‍ 82,230 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്ത് ജോലി ചെയ്യുന്നവര്‍ അയച്ചുകൊടുക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന തുകകള്‍ ബാങ്കുകളില്‍ കുമിഞ്ഞുകൂടുമ്പോള്‍ നാട്ടില്‍ പൂട്ടിക്കിടക്കുന്ന വീടുകളുടേയും കോളേജുകളില്‍ ഒഴിവു വരുന്ന സീറ്റുകളുടെയും എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
പ്രവാസികളെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന സ്രോതസ്സായി കണക്കാക്കുന്നുണ്ട്. ഇതില്‍ നല്ലൊരുഭാഗവും ഗള്ഫ്രാജ്യങ്ങളില് ജോലി ചെയ്യുന്നവരാണ് വഹിക്കുന്നത്. വിദേശത്ത് ജോലി ചെയ്ത് വര്‍ഷങ്ങളോളം ഇവരുടെ പണം നാട്ടിലേക്ക് എത്തുന്നു. വിദേശപണം ഇന്ത്യയിലേക്ക് വരാന്‍ ഇത് കാരണമാകുന്നു. 2018 ലെ കണക്കുകള്‍ പ്രകാരം വിദേശത്ത് ജോലി ചെയ്യുന്നവരുടെ കേരളത്തിലേക്കുള്ള മൊത്തം പണമയയ്ക്കല്‍ 85,092 കോടി രൂപയായിരുന്നു. എന്നാല്‍ ഈ ഫണ്ടുകളുടെ ഒഴുക്ക് ഏകപക്ഷീയമല്ല. ഒരാള്‍ വിദേശത്തേക്ക് പോകുമ്പോഴും അവിടെ വിദ്യാഭ്യാസം ചെയ്യുമ്പോഴും ഇവിടുത്തെ പണം അവിടേയ്ക്കും തിരിച്ചൊഴുകുന്നുണ്ട്.
കുടുംബ സമ്പാദ്യങ്ങള്‍, ബാങ്ക് വായ്പകള്‍, സുഹൃത്തുക്കളില്‍ നിന്നുള്ള വായ്പകള്‍ എന്നിവയിലൂടെയാണ് മലയാളികള്‍ വിദേശ കുടിയേറ്റത്തിന് പണം നല്‍കുന്നത്, തുക 2 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ്. വ്യക്തികള്‍ വികസിത രാജ്യങ്ങളിലേക്ക് കുടിയേറുമ്പോള്‍, സ്വത്തുക്കള്‍ പ്രയോജനപ്പെടുത്തി വായ്പകള്‍ എടുത്തും പണം ഉപയോഗിക്കുന്നുണ്ട്. വിദ്യാഭ്യാസ വായ്പ എടുത്ത് വിദേശത്തേക്ക് പഠി്ക്കാന്‍ പോകുന്നവരുമുണ്ട്. ഒരുഭാഗത്ത് വിദേശത്ത് നിന്ന് അയക്കുന്ന പണമാണ് സമ്പദ്വ്യവസ്ഥയെ സഹായിക്കുമ്പോള്‍ മറുവശത്ത് വിദേശത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളിലൂടെ ഈ ഫണ്ട് പുറത്തേക്കും പോകുന്നുണ്ട്.
കേരളത്തിന് പുറമേ പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലും നല്ലൊരു ശതമാനം വിദേശത്ത് ജീവിതം നയിക്കുന്നുണ്ട്. കേരളത്തെപ്പോലെ ഇവിടുത്തെ ഗ്രാമങ്ങളിലും പ്രായമായവര്‍ മാത്രമുള്ളതോ അനാഥമാക്കപ്പെട്ട വീടുകള്‍ കൊണ്ടോ ഉണ്ടായ പ്രേതഗ്രാമങ്ങളുണ്ട്.






