
വിവാഹത്തിന് മൂന്നോടിയായി പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. ഇതിനായി ഏറ്റവും മനോഹരമായ സ്ഥലമാണ് ആളുകള്‍ തിരഞ്ഞെടുക്കുന്നത്. മാത്രമല്ല, വസ്ത്രംകൊണ്ടും, തീംകൊണ്ടും ഒക്കെ ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കണം എന്നും ആളുകള്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ അതേസമയം ഇത്തരം ഫോട്ടോഷൂട്ടുകള്‍ നടത്തുന്നതിനിടയില്‍ പല ദമ്പതികള്‍ക്കും അപകടങ്ങള്‍ സംഭവിച്ചിട്ടുള്ള വാര്‍ത്തകളും നാം കേട്ടിട്ടുണ്ട്. സമാനമായ ഒരു ദുരന്തത്തിലൂടെയാണ് ദില്ലിയില്‍ നിന്നുള്ള ദമ്പതികളും കടന്നുപോയത്. അവരെ സംബന്ധിച്ച് ഈ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് ഒരു ദുസ്വപ്നം ആയിരുന്നത്രേ.
27 -കാരനായ മനസ് ഖേദയുടെയും 25 -കാരി അഞ്ജലി അനീജയുടെയും പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് തീരുമാനിച്ചത് ഉത്തരാഖണ്ഡിലായിരുന്നു. എന്നാല്‍, ഗംഗയില്‍ നടന്ന ഫോട്ടോഷൂട്ട് അപകടത്തിലാണ് കലാശിച്ചത്. ഫോട്ടോഷൂട്ടിനായി ഇരുവരും ഋഷികേശില്‍ ഗംഗയിലിറങ്ങിയപ്പോള്‍ അവിടെ ജലനിരപ്പ് താരതമ്യേന കുറഞ്ഞ നിലയിലായിരുന്നത്രെ. എന്നാല്‍, ഗംഗയിലിറങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും അതിന്റെ ശക്തമായ ഒഴുക്കില്‍ ദമ്പതികള്‍ അകപ്പെടുകയും ഇരുവരും ഒഴുകിപ്പോകുകയായിരുന്നു. ഗംഗാനദിയില്‍ പ്രീവെഡ്ഡിംഗ് ഷൂട്ട് നടത്തണമെന്ന മോഹവുമായിട്ടാണ് എത്തിയതെങ്കിലും ഇരുവരും ഗംഗയില്‍ മുങ്ങിപ്പോകുകയായിരുന്നു.
ഇരുവരെയും വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചപ്പോഴേക്കും മനസ് ഖേന അബോധാവസ്ഥയിലായിരുന്നു. ദമ്പതികള്‍ക്ക് പ്രാഥമികമായി വേണ്ട പരിചരണം നല്‍കുകയും പിന്നീട് കൂടുതല്‍ പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് അയച്ചു എന്നും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (എസ്ഡിആര്‍എഫ്) കമാന്‍ഡര്‍ മണികാന്ത് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഋഷികേശിലെ ബിയാസി പൊലീസ് ചെക്ക് സ്റ്റേഷനില്‍ നിന്നാണ് തങ്ങള്‍ക്ക് ദില്ലിയില്‍ നിന്നുള്ള ദമ്പതികള്‍ ഒഴുക്കില്‍ പെട്ടു എന്ന വിവരം ലഭിക്കുന്നത് എന്നും മിശ്ര പറയുന്നു.
സിംഗ്ടോളിക്ക് സമീപത്തു നിന്നും രക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും ദമ്പതികള്‍ ഏതാണ്ട് ഒഴുകിപ്പോയിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് ഇവരെ നദിയില്‍ നിന്നും പുറത്തെടുത്തത്. രക്ഷപ്പെടുത്തിയെങ്കിലും ദമ്പതികള്‍ ഇരുവരും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.






