
പ്രേതങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും പേടിയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരെങ്കിലും പ്രേതങ്ങളെ കണ്ടിട്ടുണ്ടോ? ചിലര്‍ ഉണ്ടെന്നും മറ്റുചിലര്‍ ഇവ ഇല്ലെന്നും വാദിക്കുന്നു. എന്നാല്‍ ഇതുവരെ ഇവയുടെ അസ്ഥിത്വം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള തെളിവുകളും ലഭ്യമായിട്ടില്ല. ഇപ്പോഴും ഇത് സംബന്ധിച്ച് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതേസമയം പ്രേതകഥകള്‍ക്ക് മാത്രം ഈ ലോകത്ത് ഒരു കുറവും ഇല്ല. അനേകമനേകം പ്രേതക്കഥകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സംഭവം എന്താണന്നല്ലേ? ഒരു 11 വയസുകാരന് പ്രേതത്തെ കണ്ടത്രെ, കണ്ടെന്ന് മാത്രമല്ല ഫോട്ടോയും എടുത്തു.
പ്രേതം ഹോട്ടലിലെ ജനലിലൂടെ തന്നെ നോക്കിനിന്നു എന്നാണ് 11 വയസ്സുള്ള ഒലിവര്‍ തത്താം പറയുന്നത്. ഒലിവറും സഹോദരി റെബേക്കയും അവരുടെ മുത്തച്ഛന് എറിക്കിനൊപ്പം ക്രിസ്മസിന് മുമ്പ് കൂംബെ ആബി ഹോട്ടലില്‍ ലൈറ്റ് ഷോ കാണുന്നതിനായി പോയതായിരുന്നു. എറിക്ക് തമാശയ്ക്ക് കുട്ടികളോട്, 'ചുറ്റും സൂക്ഷിച്ച് നോക്കിക്കോ, ചിലപ്പോള്‍ പ്രേതങ്ങളെ കാണും' എന്ന് പറഞ്ഞത്രെ. എന്നാല്‍, ഒലിവര്‍ മുത്തച്ഛന് പറഞ്ഞത് ഗൗരവത്തിലെടുക്കുകയും അവിടെ മൊത്തം അരിച്ചുപെറുക്കുകയും ചെയ്തു. ഒടുവില്‍ ഹോട്ടലിലെ ജനലിന്റെ അരികിലാണ് ആ സംഭവം നടന്നത്.
'ഒന്നാമത്തെ നിലയില്‍ വച്ചാണ് അതുണ്ടായത്. ജനലിന്റെ പുറത്ത് ഒരു സ്ത്രീരൂപം തന്നെ തുറിച്ച് നോക്കി ഏറെനേരം നില്‍ക്കുന്നത് കണ്ടു' എന്നാണ് ഒലിവര്‍ പറയുന്നത്. 'അവള് കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. വെളുത്ത തൊപ്പിയും ഏപ്രണും ഉണ്ടായിരുന്നു. വിക്ടോറിയന്‍ ശൈലിയിലായിരുന്നു അവളുടെ വേഷവിധാനം' എന്നും ഒലിവര്‍ പറയുന്നു. 'അപരിചിതയായ ആ രൂപം എന്നെ നോക്കിനിന്നു. ഞാനപ്പോള്‍ അമ്മയുടെ ഫോണില്‍ അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. എന്നെക്കൊണ്ട് പറ്റാവുന്ന അത്രയും സൂം ചെയ്താണ് താന്‍ ചിത്രം പകര്‍ത്തിയത്. ഈ ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ വ്യക്തമായി തനിക്ക് അവരെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അമ്മയേയും ചേച്ചിയേയും ഇത് കാണിച്ചുകൊടുക്കാനായി വിളിച്ചിരുന്നു. അപ്പോഴും ആ രൂപം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയില്ല. പക്ഷേ, ഒറ്റനിമിഷം കൊണ്ട് അവിടെ നിന്നും അപ്രത്യക്ഷമായി' എന്നും ഒലിവര്‍ പറയുന്നു.
തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് വീട്ടിലെത്തിയ ഒലിവര്‍, കൂംബെ ആബിയിലെ പ്രേതങ്ങളെ കുറിച്ച് അന്വേഷിച്ചു. അന്വേഷണത്തില്‍, നേരത്തെ ഈ ഹോട്ടലില്‍ മെറ്റില്‍ഡ എന്നൊരു വേലക്കാരിയുണ്ടായിരുന്നു. അവരുടെ മരണശേഷം അവര്‍ പ്രേതമായി ഇവിടെ പ്രത്യക്ഷപ്പെടാറുണ്ട്. പലരും ഒലിവര്‍ കണ്ട സ്ത്രീയെ ഇവിടെ കണ്ടിട്ടുണ്ട് എന്നും കണ്ടെത്തിയത്രെ. പാരാനോര്‍മല്‍ ആക്ടിവിറ്റികളെ കുറിച്ച് പഠിക്കുന്നവരും 2018 -ല്‍ ഇവിടെയെത്തിയിരുന്നു. അവരും മെറ്റില്‍ഡയുടെ സാന്നിധ്യം അംഗീകരിച്ചിരുന്നു എന്നും ചിത്രങ്ങള്‍ പകര്‍ത്തി എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.






