
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ മുന്നില്‍ ആണ്‍കുട്ടികള്‍. പെണ്‍കുട്ടികളുമായുള്ള താരതമ്യത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളായ 14-18 വയസുകാരായ ആണ്‍കുട്ടികളുടെ എണ്ണം ഇരട്ടിയിലധികമാണെന്ന് ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ട് (എ.എസ്.ഇ.ആര്) പറയുന്നു. സ്മാര്‍ട്ട്ഫോണുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നുള്ള അറിവു പെണ്‍കുട്ടികള്‍ക്കു കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
26 സംസ്ഥാനങ്ങളിലെ 28 ജില്ലകളില്‍ 14-നും 18-നും മധ്യേ പ്രായമുള്ള 34,745 പേരില്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ പ്രായക്കാരായ 89 ശതമാനം കൗമാരക്കാര്‍ക്കും വീട്ടില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉണ്ടെന്നും അവരില്‍ 92% പേര്‍ക്ക് അത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാമെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്നവരില്‍ 31% പേര്‍ക്ക് സ്വന്തം ഫോണുണ്ട്, അവരില്‍ സ്ത്രീകള്‍ 19.8% വരുമ്പോള്‍ 43.7 ശതമാനമാണ് പുരുഷന്മാര്.
അതുപോലെ, സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സ്ത്രീകള്‍ 89.8% ആയി താഴ്ന്നപ്പോള്‍ പുരുഷന്മാരുടെ എണ്ണം 94.7 ശതമാനമാണ്.
കൗമാരക്കാര്‍ അവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ അലാറം ക്രമീകരിക്കുന്നതും യൂട്യൂബില്‍ വീഡിയോ തെരയുന്നതും അത് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതും ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നതുമെല്ലാം സര്‍വേയില്‍ പരിശോധിച്ചിരുന്നു.
സ്മാര്‍ട്ട്ഫോണുകളും കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നതില്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ പിന്നിലാണെന്നു സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത ആണ്‍കുട്ടികളില്‍ പകുതിപ്പേര്‍ക്കും ഇ-മെയില്‍ വിലാസമുണ്ട്. എന്നാല്‍ പെണ്‍കുട്ടികളില്‍ 30 ശതമാനത്തിനു മാത്രമാണ് ഇ-മെയില്‍ വിലാസമുള്ളത്. 48.9% പുരുഷന്മാര്ക്ക് ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാന്‍ അറിയുമ്പോള്‍ ഈ ഗണത്തിലുള്ള പെണ്‍കുട്ടികളുടെ എണ്ണം 25.3% മാത്രമാണ്.
ഇന്ത്യയിലെ ഗ്രാമീണമേഖലയില്‍ സ്മാര്‍ട്ട്ഫോണ്‍ സാങ്കേതികവിദ്യയുടെ മൊത്തത്തിലുള്ള വളര്‍ച്ച സമീപ വര്ഷങ്ങളിലേക്കാള് വളരെയധികം വളര്‍ന്നിട്ടുണ്ടെങ്കിലും പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും അവരുടെ പുരുഷ 'എതിരാളികളേക്കാള്‍' വളരെ കുറവാണെന്നു ഈ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അതുപോലെ യുവാക്കള്‍ക്കിടയില്‍ ഓണ്‍െലെന്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും പങ്കുവയ്ക്കപ്പെട്ടു.






