
മധുര: ബോക്സിംഗ് മത്സരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. സോരീപുരം സര്‍ക്കാര്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരീസ്വരിയാണ് മരിച്ചത്.
ജില്ലാതലത്തില്‍ സംഘടിപ്പിച്ച ഖേലോ ഇന്ത്യ കായിക മത്സരത്തിന്റെ ഭാഗമായാണ് മരീശ്വേരി ബോക്സിംഗില്‍ പങ്കെടുത്തത്. ആദ്യ റൗണ്ട് മത്സരം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി രണ്ടാം റൗണ്ട് മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി മരിച്ചതായി ബോധ്യപ്പെട്ടു.
പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തൂത്തുക്കുട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഗ്രാമീണരില്‍ കായിക താല്പര്യം വളര്‍ത്തുന്നതിന് ദേശീയ തലത്തില്‍ സംഘടിപ്പിച്ചുവരുന്ന കായിക പരിപാടിയാണ് ഖേലോ ഇന്ത്യ.
ബോക്സിംഗിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പെണ്‍കുട്ടികളുടെ കഥ പറയുന്ന 'ഭംഗല്‍' തീയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് മറ്റൊരു പെണ്‍കുട്ടിയുടെ ജീവന് ബോക്സിംഗ് ഗ്രൗണ്ടില്‍ വെടിയുന്നത്.






