
മൂന്നാര്‍: ഈ വര്‍ഷം ആദ്യമായി താപനില പൂജ്യത്തിനു താഴെ എത്തിയതോടെ തെക്കിന്റെ കശ്മീര്‍ എന്ന് സഞ്ചാരികള്‍ ഇഷ്ടത്തോടെ വിളിക്കുന്ന മൂന്നാര്‍ തണുത്തു വിറയ്ക്കുന്നു.
ഇന്നലെ പുലര്‍ച്ചയോടെ താപനില പൂജ്യത്തിന് താഴെ വന്നപ്പോള്‍ മുതല്‍ ഗുണ്ടുമല, കടുകുമുടി, ദേവികുളം മേഖലകളില്‍ അതിെശെത്യം അനുഭവപ്പെടുകയാണ്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തിയത്.
ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. താപനില പൂജ്യത്തിന് താഴെ എത്തിയതിനെത്തുടര്‍ന്നു ഗുണ്ടുമല അപ്പര്‍ ഡിവിഷന്, കടുകുമുടി എന്നിവിടങ്ങളിലെ പുല്‍മേടുകളില്‍ രാവിലെ വെള്ളം തണുത്തുറഞ്ഞ നിലയിലായിരുന്നു. മൂന്നാറിന്റെ കാലാവസ്ഥ യഥാര്‍ഥത്തില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഈ കാലഘട്ടം തന്നെയാണ് സഞ്ചാരികള്‍ ഏറ്റവുമധികം ഇവിടെഎത്താന്‍ ആഗ്രഹിക്കുന്നതും.
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ എത്തുന്ന അതിെശെത്യം മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയാനുള്ളത്. പുലര്‍ച്ചെ മൂന്നാറില്‍ എത്തിയാല്‍ തണുത്തുറഞ്ഞ പുല്മേടുകളില്കൂടി നടക്കാം.






