
ഉത്തരാഖണ്ഡ് മന്ത്രിസഭ യോഗം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിന് അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉത്തരാഖണ്ഡ് നിയമസഭയിൽ നാളെയാണ് ഏക സിവിൽ കോഡ് ബിൽ അവതരിപ്പിക്കുന്നത്.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന്അറിയിച്ചിരുന്നു. ഫെബ്രുവരി 2ന് കരട് തയ്യാറാക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ അറിയിപ്പ്. ബിജെപി അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽകോഡും ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് തീരുമാനം.
ഏകീകൃത സിവിൽകോഡ് ബിൽ തെരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ പാസാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഏകീകൃത സിവിൽകോഡ് നടപ്പാക്കൽ എന്നിവ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആയുധങ്ങളാണ്.






