
ഇന്ത്യയിലുടനീളമുള്ള സര്‍വീസ് ശൃംഖല മെച്ചപ്പെടുത്തുന്നതിനും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ക്കായി വിപുലമായ ഇവി ചാര്‍ജിംഗ് ശൃംഖല നല്‍കുന്നതുമായ പ്രഖ്യാപനവുമായി ഓല. അടുത്ത പാദത്തിനുള്ളില്‍ ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്വര്‍ക്ക് ഒമ്പത് മടങ്ങാണ് വിപുലീകരിക്കാന്‍ ഒരുങ്ങുന്നത്. കൂടാതെ കമ്പനി തങ്ങളുടെ സര്‍വീസ് കേന്ദ്രങ്ങള്‍ 50 ശതമാനത്തോളം വര്‍ധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഓലയ്ക്ക് നിലവില്‍ രാജ്യത്തുടനീളം 400 സര്‍വീസ് സെന്ററുകളും 1,000 ഇവി ചാര്ജറുകളുമാണുള്ളത്.
വില്‍പ്പനയിലെ സമീപകാല ഉത്തേജനം ബ്രാന്‍ഡിന് സര്‍വീസ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാക്കിയെന്നും പത്രസമ്മേളനത്തെ അഭിസംബോധന ചെയ്ത് അഗര്‍വാള്‍ പറഞ്ഞു. ഓലയുടെ മിക്ക ഇലക്ട്രിക് സ്കൂട്ടറുകളും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സര്‍വീസ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഉയര്‍ന്ന വില്‍പ്പന കാരണം അത്തരം സെന്ററുകളില്‍ ധാരാളം തിരക്കുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
ഈ വര്‍ഷം ഏപ്രിലോടെ ഓല ഇലക്ട്രിക് ഇന്ത്യയിലുടനീളം 200 സര്‍വീസ് കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നതോടെ ഇതിനും പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ തീരുമാന പ്രകാരം ഓലയുടെ മൊത്തം സര്‍വീസ് സെന്ററുകളുടെ എണ്ണം ഇനി 600 ആയി ഉയരും. ഇവി ചാര്‍ജിംഗ് ശൃംഖലയുടെ കാര്യത്തിലേക്ക് വന്നാല്‍ നിലവില്‍ ഏകദേശം 1,000 ഇവി ചാര്‍ജറുകളില്‍ നിന്ന് അടുത്ത പാദത്തോടെ എണ്ണം 10,000 ആയി ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ഓല.
ഫാസ്റ്റ് ചാര്‍ജറുകളുടെ പതിപ്പായ ഓല ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്വര്‍ക്ക് ഇന്ത്യയിലുടനീളം ചെറിയ തോതില്‍ സ്ഥാപിച്ചിട്ടുണ്ട്. റേഞ്ച് ഉത്കണ്ഠയുള്ള ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ഓല ഇലക്ട്രിക് തങ്ങളുടെ പോര്‍ട്ടബിള്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഉടമകള്‍ക്ക് വില്‍ക്കും. ചാര്‍ജ് ചെയ്യാനുള്ള സൗകര്യത്തിനായി ഈ ചാര്‍ജറുകള്‍ വീട്ടിലോ ഓഫീസിലോ സജ്ജീകരിക്കാം. ഒരാള്‍ക്ക് 30,000 രൂപയ്ക്ക് ഓലയില്‍ നിന്ന് പോര്‍ട്ടബിള്‍ ഫാസ്റ്റ് ചാര്‍ജര്‍ വാങ്ങാനാകും.






