
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി കൃത്യമായി പ്രതിഫലിപ്പിച്ചും സര്‍ക്കാരിന്റെ ഭാവിപ്രവര്‍ത്തനങ്ങളില്‍ നയംമാറ്റം വ്യക്തമാക്കിയുമുള്ള ബജറ്റാണു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചത്. 1,38,655.16 കോടി രൂപ വരവും 1,66,501.21 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റില്‍ 1067 കോടിയുടെ അധികവിഭവസമാഹരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ പരോക്ഷനികുതി ഗണത്തില്‍പ്പെടുന്നതാണ്.
1957ലെയും 1967-ലെയും ഇടതുസര്‍ക്കാരുകള്‍ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സും തോഷിബാ ആനന്ദും പോലുള്ള സ്ഥാപനങ്ങളെ സംസ്ഥാനത്തു കൊണ്ടുവന്നതു ചൂണ്ടിക്കാട്ടിയാണു നിക്ഷേപരംഗത്തു സ്വകാര്യമേഖലയ്ക്കുള്ള ഊന്നല്‍ മന്ത്രി വിശദീകരിക്കുന്നത്. സമസ്തമേഖലയിലും ഭാവിവികസനത്തിനു സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരുമെന്ന സൂചനയും മന്ത്രി നല്കുന്നു. കേരളത്തിന്റെ അഭിമാനമായി ചൂണ്ടിക്കാട്ടപ്പെടുന്ന വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളില്‍ പ്രത്യേകിച്ച്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ വിദേശ-സ്വകാര്യപങ്കാളിത്തവും ബജറ്റ് പ്രഖ്യാപിക്കുന്നു. വിനോദസഞ്ചാരമേഖലയില്‍ വന്സ്വകാര്യനിക്ഷേപമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2016 മുതല്‍ പിണറായി സര്‍ക്കാര്‍ ഏറെ ആശ്രയിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്ത കിഫ്ബിയെ ഈ ബജറ്റില്‍ ബാലഗോപാല്‍ തൊട്ടിട്ടില്ല. പദ്ധതികെളല്ലാം കിഫ്ബിയിലൂടെ നടപ്പാക്കാനുള്ള നിര്േദശങ്ങളായിരുന്നു മുന്‍ബജറ്റുകള്‍ നിറയെ. ഇക്കുറി കിഫ്ബി മുഖേനയുള്ള പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചതല്ലാതെ ഒരു പദ്ധതിയും പുതുതായി ഉള്‍പ്പെടുത്തിയിട്ടില്ല.
മദ്യത്തിനും വൈദ്യുതിക്കും ഉത്പാദകരില്‍നിന്നു നികുതി ഈടാക്കാനുള്ള നിര്‍ദേശമുണ്ട്. ഉപയോക്താക്കളെ അത് നേരിട്ട് ബാധിക്കുന്നില്ലെങ്കിലും പരോക്ഷബാധ്യതകളുണ്ടായേക്കാം. സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ 2000 കോടി രൂപയുടെ ഉത്തേജന പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരേ സുപ്രീംകോടതിയിലുള്ള കേസില്‍ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാനസര്‍ക്കാര്‍. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ കേന്ദ്രസര്‍ക്കാരില്‍നിന്നു കൂടുതല്‍ കടുത്ത നിലപാടുകളുണ്ടാകില്ലെന്നും കണക്കുകൂട്ടുന്നു. ഈ രണ്ടു പ്രതീക്ഷയും തകര്‍ന്നാല്‍ പ്ലാന്‍ ബി നടപ്പാക്കേണ്ടിവരുമെന്നു മന്ത്രി പറയുന്നു. എന്നാല്‍, അതെന്താണെന്നു വ്യക്തതയില്ല.






