കൊച്ചി: ഡോ.വന്ദന ദാസ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണത്തില ഇടപെടാന്‍ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. പോലീസിന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റിയതായി ഹര്ജിക്കാരന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.
ഡോ.വന്ദനയുടെ പിതാവിന്റെ ഹര്‍ജിയില്‍ വിശദമായ വാദം നടന്നിരുന്നു. പ്രതിയെ ഉടന്‍തന്നെ കസ്റ്റഡിയില്‍ എടുത്തുമെന്നും പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. അന്വേഷണം ശാസ്ത്രീയമായി തന്നെ പൂര്‍ത്തിയായി. 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചു. ഡോ.വന്ദനയുടെ മാതാപിതാക്കളുടെ ഏത് ആവശ്യവും അംഗീകരിക്കാന്‍ തയ്യാറാണെന്നും സംസ്ഥാന പോലീസ് മേധാവി കോടതിയെ നേരിട്ട് അറിയിച്ചിരുന്നു.
നിലവിലെ പോലീസ് അന്വേഷണം പര്യാപ്തമല്ല. പോലീസിന് വീഴ്ചപറ്റി. പോലീസ് കൊണ്ടുവന്ന പ്രതിയാണ് കുറ്റകൃത്യം നടത്തയത്. പോലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായി. ഈ പോലീസുകാരെ സംരക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും ഡോ.വന്ദനയുടെ പിതാവ് ആരോപിച്ചിരുന്നു. പോലീസിന്റെ വീഴ്ച പുറത്തുവരാന്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം പരിഗണിക്കാനാവില്ലെന്ന് കാണിച്ചാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിനെറ ബെഞ്ച് തള്ളിയത്.






