
മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള ഏറ്റവും നല്ല മരുന്നാണ് ചിരി. പലപ്പോഴും മനസ്സ് അറിഞ്ഞൊന്നു ചിരിക്കുമ്പോഴാണ് ഉള്ളിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്നത്. ചിരിയിലൂടെ ശാരീരകവും മാനകസികവുമായ എല്ലാ അസുഖങ്ങളെയും മറികടക്കാന്‍ കഴിയും എന്നാണ് വിശ്വസിക്കുന്നത്. ഇത് സംബന്ധിക്കുന്ന ഒട്ടനവധി വാര്‍ത്തകളെ കുറിച്ച് നാം കേട്ടറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിരി അഞ്ച് വര്‍ഷത്തോളം കോമയില്‍ കിടന്ന ഒരു യുവതിയെ ഉണര്‍ത്തിയ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
യുഎസിലെ മിഷിഗണിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയിരിക്കുന്നത്. നൈല്‍സ് സ്വദേശിയായ ജെന്നിഫര്‍ ഫ്ളെല്ലന് 2017 സെപ്റ്റംബര്‍ ഒരു കാര്‍ അപകടത്തെത്തുടര്‍ന്നാണ് കോമയില്‍ ആയത്. 2022 വരെ ജെന്നിഫര്‍ കോമയിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2022 ഓഗസ്റ്റ് 25 ന് ജെന്നിഫര്‍ ഫ്ളെല്ലന്റെ അമ്മ ഒരു തമാശ പറയുന്നത് വരെ. അഞ്ച് വര്‍ഷത്തോളം കോമയില്‍ കിടന്ന ജെന്നീഫര്‍ അമ്മയുടെ തമാശ കേട്ട് ചിരിച്ചുകൊണ്ടാണ് കോമയില്‍ നിന്നും ഉണര്‍ന്നത്. മകളുടെ തിരിച്ചുവന്നതോടുകൂടി അതീവ സന്തോഷത്തിലാണ് കുടുംബം.
പീപ്പിള്‍സിന് നല്കിയ അഭിമുഖത്തിലാണ് കുടുംബം തങ്ങളുടെ മകളുടെ തിരിച്ചുവരവിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ജെന്നീഫറുടെ അമ്മ പറഞ്ഞതിങ്ങനെ, താനൊരു തമാശ പറഞ്ഞപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി അവളില്‍ നിന്ന് ഞാനൊരു ശബ്ദം കേട്ടു. അപ്പോള്‍ തന്റെ നട്ടെല്ലില്‍ നിന്നും ഒരു വിറയലുണ്ടായി എന്ന് അമ്മ പറയുന്നു. 'സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി' എന്ന് തോന്നി. എങ്കിലും പഴയപോലെ സംസാരിക്കാന്‍ ജെന്നീഫറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ അഞ്ച് വര്‍ഷത്തിന് ശേഷം അവര്‍ പുറപ്പെടുവിച്ച ശബ്ദം വളരെ വിലപ്പെട്ടതാണ്. ഓരോ ദിവസവും അവര്‍ പുരോഗതി പ്രാപിച്ചുവരുന്നു. അമ്മ പറഞ്ഞുനിര്‍ത്തി.
ജെന്നീഫറിന്റെ പൂര്‍ണ്ണമായ വീണ്ടെടുക്കലിന് വേണ്ടിയുള്ള കടുത്ത ശ്രമത്തിലാണ് കുടുംബമിപ്പോള്‍. ജെന്നിഫറിന്റെഅ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടപ്പോള്‍ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. കോമയില്‍ കിടക്കുന്നവര്‍ക്കും നിരവധി രോഗികള്‍ക്കും ജെന്നീഫറിന്റെ അനുഭവം വലിയ ആശ്വാസമാകുമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.






