
വീടുപണി തകൃതിയായി നടക്കുമ്പോഴും ഗൃഹനാഥനെ അങ്കലാപ്പിലാക്കുന്ന ഒന്നാണ് മുന്‍വാതിലിന്റെ ഭംഗി. വീടുപണിയുന്ന കാലത്ത് ഏത് വീട്ടില്‍ ചെന്നാലും ആദ്യം ശ്രദ്ധിക്കുക പൂമുഖവാതിലിന്റെ പ്രത്യേകത തന്നെയാകും. മണിച്ചിത്രത്താഴുള്ള... ഓട്ടുമണി തൂങ്ങുന്ന... പ്രത്യേക നിറമുള്ള ഗ്ലാസ് പാകിയ... അങ്ങനെ മുന്‍വാതിലിന്റെ പ്രത്യേകതയും അഴകും എടുത്തുകാട്ടുന്നു പലവിധം. ഇതൊക്കെ വേണ്ടെന്ന് വച്ചാലും അവസാനം പലരുടെയും മുന്‍വാതിലിന്റെ അഴക് ഓരോ ദിനവും പലരെയും ആശ്ചര്യപ്പെടുത്തുന്നുകൂടിയുണ്ട്.
ഒറ്റവാതില്‍, ഇരുവാതില്‍, ഇരുവാതിലില്‍ തന്നെ ഒന്നിന് മറ്റൊന്നിനേക്കാള്‍ വീതി കൂടുതല്‍... വാതിലിന്റെ രൂപത്തില്‍നിന്ന് തന്നെ തുടങ്ങുന്നു വ്യക്തമായ മാറ്റം.
ഏത് ഭാഗത്ത്
വീടിന്റെ ഏത് ഭാഗത്തുവേണം മുന്‍വാതില്‍ എന്നതാണ് ആദ്യപ്രശ്‌നം. വീടിന്റെ മൊത്തം ഐശ്വര്യത്തേയും എന്നെന്നും നിലനിര്‍ത്താന്‍ സഹായിക്കുക വീടിന്റെ മധ്യത്തിലായി പ്രധാന വാതില്‍ വരുന്നതാണ്. ഇതിന് നേരെ മറ്റ് വാതിലുകള്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. പ്രധാന വാതില്‍ വീടിന്റെ മധ്യത്തില്‍ വരുമ്പോഴും ഈ വാതിലിന് നേരെ എതിരായി ഗെയ്റ്റ് വയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. ഈ വാതിലിന് അഭിമുഖമായി കാര്‍പോര്‍ച്ചിന്റെ തൂണുകളോ, ഔട്ട്ഹൗസുകളോ പണിയരുത്.
ദര്‍ശനം എങ്ങോട്ട്...?
വീടിന്റെ ദര്‍ശനം വാതിലിന്റെ കാര്യത്തില്‍ പ്രധാനമാണ്. വീടിന്റെ ദര്‍ശനം കിഴക്കോട്ടാണെങ്കില്‍ വാതിലും ആ ദിശയില്‍ തന്നെ പണിയുന്നതാണ് നന്ന്. മുന്‍വാതിലിനോട് ചേര്‍ന്ന് ചെറുതെങ്കിലും ഒരു വരാന്തയുള്ളത് നന്ന്.
തെക്കോട്ട് ദര്‍ശനമായ വീടിന് മാത്രം തെക്കോട്ട് ദര്‍ശനമായി പണിയരുത്. കിഴക്കോ, പടിഞ്ഞാറോ ദര്‍ശനം വരുന്ന വീടുകളാണ് നന്ന്.
വാതില്‍ പണിയുന്ന തടി തെരഞ്ഞെടുക്കുമ്പോഴും വേണം ശ്രദ്ധ. ഉപയോഗിക്കുന്ന അതേ മരംകൊണ്ട് തന്നെ വേണം പ്രധാന വാതില്‍ പണിയാന്‍.
തേക്ക്, ഈട്ടി, മഹാഗണി, പ്ലാവ്, ആഞ്ഞിലി എന്നീ മരങ്ങളാണ് വാതില്‍ പണിയാന്‍ വന്ന്. പലതരം മരങ്ങള്‍ ഒരു വാതില്‍ പണിയുന്നതിനായി ഉപയോഗിക്കരുത്. വാതിലുകള്‍ ഏത് തരമാണെങ്കിലും അകത്തോട്ട് തുറക്കുന്നവിധത്തില്‍ വേണം പണിയാന്‍. പ്രധാനവാതില്‍ മറ്റെല്ലാ വാതിലുകളേക്കാള്‍ വലുപ്പത്തിലും ഉയരത്തിലും മുന്നില്‍ നില്‍ക്കണം.
അലങ്കാരങ്ങള്‍:
പ്രധാന വാതിലിന്റെ അലങ്കാരങ്ങള്‍ ഉപയോഗിക്കുന്നത് ഐശ്വര്യം നിറയ്ക്കും. മണികള്‍, മണിച്ചിത്രത്താഴ് എന്നിവ ഭംഗി മാത്രമല്ല ഐശ്വര്യവും നല്‍കുന്നു. ആഘോഷവേളകളില്‍ മാവിലകൊണ്ട് തോരണം തൂക്കുന്നതും ചന്ദനം ചാര്‍ത്തുന്നതുമൊക്കെ പോസിറ്റീവ് എനര്‍ജി നല്‍കാന്‍ സഹായകമാണ്.
ഡോ. പി.ബി. രാജേഷ്






