
നമ്മുടെ രാജ്യത്തെ തന്നെ ഞെട്ടിച്ച പല മോഷണ കഥകളെ കുറിച്ചും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം വെല്ലുന്ന ഒരു മോഷണ കഥയാണ് അങ്ങ് ക്യൂബയില്‍ നിന്ന് പുറത്തുവരുന്നത്. ഈ മോഷണം വലിയ തലവേദനയാണ് ക്യൂബയിലെ അധികൃതര്‍ക്ക് വരുത്തിവച്ചിരിക്കുന്നത്. 30 കള്ളന്മാര് ചേര്‍ന്ന് 133 ടണ്‍ കോഴിയിറച്ചി മോഷ്ടിച്ച സംഭവമാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും ക്യൂബയെ വലച്ചിരുന്ന സമയത്താണ് ഇങ്ങനെ ഒരു മോഷണം നടന്നത്.
തലസ്ഥാന നഗരമായ ഹവാനയിലെ സ്റ്റേറ്റിന്റെ കീഴിലുള്ള ഒരു സ്ഥാബനത്തിലാണത്രേ മോഷണം നടന്നത്. 1,660 വെള്ള പട്ടികളില്‍ നിറച്ച കോഴിയിറച്ചിയാണ് മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപ്പോയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മോഷ്ടിച്ച കോഴിയിറച്ചി ട്രക്കുകളിലാണ് ഇവിടെ നിന്നും കടത്തിയത്. മോഷ്ടാക്കള്‍ക്ക് 20 വര്‍ഷത്തെ തടവു വരെ ശിക്ഷ കിട്ടാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വെള്ളിയാഴ്ച ക്യൂബന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച്, മോഷ്ടിച്ച കോഴിയെ വിറ്റുകിട്ടിയ കാശ് കൊണ്ട് മോഷ്ടാക്കള്‍ റഫ്രിജറേറ്ററുകള്‍, ലാപ്ടോപ്പുകള്, ടെലിവിഷനുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയെല്ലാം വാങ്ങുകയായിരുന്നത്രെ.
മോഷ്ടിക്കപ്പെട്ട ഈ കോഴിയിറച്ചി ക്യൂബയിലെ റേഷന്‍ ബുക്ക് സമ്പ്രദായത്തിലൂടെ നാട്ടുകാര്‍ക്ക് വിതരണം ചെയ്യാന്‍ വച്ചതായിരുന്നു. ഫിദല്‍ കാസ്ട്രോയുടെ വിപ്ലവത്തെ തുടര്‍ന്ന് ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഈ റേഷന്‍ സമ്പ്രദായം നടപ്പിലാക്കിയത്. ഇതുവഴി സബ്സിഡിയില്‍ ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാവും.
സര്‍ക്കാര്‍ ഭക്ഷ്യ വിതരണക്കാരായ COPMAR -ന്റെ ഡയറക്ടര്‍ റിഗോബര്‍ട്ടോ മസ്റ്റലിയര്‍ പറയുന്നത് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന കോഴിയാണ് കള്ളന്മാര് അടിച്ചെടുത്തോണ്ട് പോയത് എന്നാണ്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയ്ക്കെല്ലാം രാജ്യത്ത് ക്ഷാമമാണ്. ആ സമയത്താണ് ഇങ്ങനെയൊരു കൊള്ള എന്നത് അധികൃതരെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.






