
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇന്‍ഡോറില്‍ നിന്ന് പുറത്തുവരുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. എന്താണന്നല്ലേ? ഇവിടെ ഒരു യാചകസ്ത്രീ ഒന്നരമാസംകൊണ്ട് നേടിയത് 2.5 ലക്ഷം രൂപയാണ്. വിവരം അറിഞ്ഞ പോലീസ് ഇവരെ പിടികൂടി അഭയകേന്ദ്രത്തില്‍ ആക്കിയിരിക്കുകയാണ്. ലവ കുശ സ്ക്വയറില്‍ കുട്ടിയുമായി ഭിക്ഷ യാചിക്കുന്നതിനിടയിലാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവര്‍ തന്നെയാണ് പോലീസിനോട് ഒന്നരമാസം കൊണ്ട് 2.5 ലക്ഷം രൂപ താന്‍ നേടി എന്ന കാര്യം വെളിപ്പെടുത്തിയത്. 45 ദിവസം കൊണ്ടാണ് താന്‍ 2.5 ലക്ഷം രൂപ നേടിയത് എന്നാണ് സ്ത്രീയുടെ വെളിപ്പെടുത്തല്‍.
ഒരുപാട് വിശ്വാസികള്‍ കടന്നുപോകുന്ന ഈ മേഖലയാണ് സ്ത്രീയും കുടുംബവും യാചിക്കാനായി തിരഞ്ഞെടുത്തത്. വെക്കേഷന് സമയത്ത് അനേകം ആളുകള്‍ ഉപയോഗിക്കുന്ന പാതയാണിത്. സ്ത്രീയും അവരുടെ ഭര്‍ത്താവും ഇവരുടെ മൂന്ന് കുട്ടികളുമാണ് ഇവിടെ യാചിക്കാന്‍ ഇരിക്കുന്നത്. ഇവരുടെ മറ്റ് രണ്ട് കുട്ടികള്‍ രാജസ്ഥാനിലെ ഗ്രാമത്തില്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് കഴിയുന്നത്. കിട്ടിയ തുകയില്‍ ഒരുലക്ഷം അവര്‍ക്ക് അയച്ചുകൊടുത്തു. 50,000 രൂപ ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റിട്ടു എന്നും സ്ത്രീ പറയുന്നു.
ഇതില്‍ നിന്നും വര്‍ഷത്തില്‍ 20 ലക്ഷം രൂപ വരെ കുടുംബത്തിന് കിട്ടുന്നുണ്ടാവണം എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് വീട്, കാര്‍, സ്മാര്‍ട്ട് ഫോണ്‍, മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എട്ടു വയസുകാരിയായ മകളും പിടികൂടുമ്പോള്‍ സ്ത്രീക്കൊപ്പം ഉണ്ടായിരുന്നു. മകള്‍ രാവിലെ മുതല്‍ ഉച്ചവരെ യാചിച്ച് ദിവസം 600 രൂപ നേടും എന്നാണ് അമ്മ പറയുന്നത്. പിടികൂടുന്ന സമയത്ത് അമ്മയുടെ കയ്യില്‍ 19000 രൂപയാണ് ഉണ്ടായിരുന്നത്. അവരെ ഇരുവരെയും പൊലീസ് അഭയകേന്ദ്രത്തിലാക്കി. കുട്ടിയെ പിന്നീട് കുട്ടികള്‍ക്കുള്ള ക്ഷേമകേന്ദ്രത്തിലേക്ക് മാറ്റി. അച്ഛനും മറ്റ് മക്കളും പൊലീസില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.






