
വാലന്റൈന്‍സ് ഡേ കഴിഞ്ഞുവെങ്കിലും അതിനോട് അനുബന്ധിച്ച് ഇവി നിരയില്‍ വലിയ ഡിസ്കൗണ്ടുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഓല. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് ബ്രാന്‍ഡിലേക്ക് എത്തുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് ഒരു പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി 16 മുതല്‍ ഈ മാസം അവസാനം അതായത് 29 ഫെബ്രുവരി വരെ നീണ്ടു നില്ക്കുന്ന ഓഫറിനു കീഴില്‍ S1 സീരീസ് സ്കൂട്ടറുകളില്‍ ഗംഭീര വിലക്കുറവാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
S1 പ്രോ, S1 എയര്‍, S1 X പ്ലസ് എന്നിവയ്ക്ക് 25,000 രൂപ വരെ വില കുറഞ്ഞു. അതായത് ഫെബ്രുവരി മാസം ഓല ഇലക്ട്രിക്കിന്റെ S1 പ്രോ സ്വന്തമാക്കാന്‍ എത്തുന്നവര്‍ത്ത് 1.30 ലക്ഷം രൂപ മാത്രം മുടക്കിയാല്‍ മതിയാവും. അതേസമയം S1 എയറാണ് നോക്കുന്നതെങ്കില്‍ ഈ മാസം 1.05 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയില്‍ വാഹനം സ്വന്തമാക്കാം. ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ ഇവിയായ S1 X പ്ലസിന് ഫെബ്രുവരിയില്‍ 85,000 രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടി വരിക.
അടുത്തിടെ ഓല S1 X ഇലക്ട്രിക് സ്കൂട്ടറിന്റെ പുതിയ 4 kWh വേരിയന്റ് പുറത്തിറക്കിയിരുന്നു. പോക്കറ്റിന് ഇണങ്ങുന്ന വിലയില്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പുത്തന്‍ മോഡലിലെ പ്രധാന ഹൈലൈറ്റ്. അതായത് ഈ പതിപ്പിന് സിംഗിള്‍ ചാര്‍ജില്‍ ഏകദേശം 190 കിലോമീറ്റര്‍ റേഞ്ച് കിട്ടുമെന്നാണ് കമ്പനി പറയുന്നത്. വലിയ ബാറ്ററി പായ്ക്ക് ഉള്‍പ്പെടുത്തിയതല്ലാതെ ഓല S1 X ഇലക്ട്രിക് സ്കൂട്ടറില്‍ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കാണാനാവില്ല. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 3.3 സെക്കന്‍ഡിനുള്ളില്‍ ഇത് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗതയായി ബ്രാന്‍ഡ് പറയുന്നത്.






