
ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ നിയമങ്ങളാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സിനുള്ള നിയമപരമായ പ്രായം 18 വയസാണ്. എങ്കിലും സ്വന്തമായി വാഹനം വീട്ടിലുള്ള കുട്ടികളെല്ലാം ചെറിയ പ്രായത്തില്‍ തന്നെ ഡ്രൈവിംഗ് പഠിക്കാറുണ്ട്. മാതാപിതാക്കള്‍ തന്നെ അവരെ അതിന് പ്രാപ്തരാക്കുന്നുവെന്ന് വേണം പറയാന്‍. വാഹനം ഓടിക്കാന്‍ പഠിക്കുന്നതോടെ കുട്ടികള്‍ അവയുമായി റോഡിലേക്ക് ഇറങ്ങുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അടക്കം ഇതിനകം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഒരു 13 വയസുകാരന് സ്കൂട്ടിയുമായി പോകവെ പോലീസിന്റെ പിടിയിലായത്്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
@vivekanandtiwarithetrafficccop എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഹെല്‍മറ്റില്ലാതെ സ്കൂട്ടര്‍ ഓടിക്കുന്ന യുവാവിനോട് വാഹനം റോഡ് സൈഡിലേക്ക് വയ്ക്കാന്‍ പോലീസുകാരന് ആവശ്യപ്പെടുന്നു. തുടര്‍ന്ന് കുട്ടിയോട് മാതാപിതാക്കളെ വിളിക്കാന്‍ പോലീസുകാരന് ആവശ്യപ്പെടുന്നു, അപ്പോള്‍ ഇനി വണ്ടി ഓടിക്കില്ലെന്നാണ് അവന്റെ മറുപടി. എന്തിനാണ് വാഹനം ഓടിക്കുന്നതെന്നും അച്ഛനെ വിളിച്ച് പിഴ ഈടാക്കുമെന്നും പോലീസുകാരന് കുട്ടിയോട് പറയുന്നു. എന്നാല്‍ കുട്ടി ഈ സമയമത്രയും വളരെ ശാന്തനായിരുന്നു. അവനില്‍ യാതൊരു ആശങ്കയും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, അവന് ച്യൂയിംഗ് ഗം വായിലിട്ട് എപ്പോഴത്തെയും പോലെ ചവച്ച് കൊണ്ടിരുന്നു. പ്രായപൂര്‍ത്തിയാകാതെ ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചതിന് പേലീസ് പിടികൂടിയിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശാന്തനായി ഇരുന്ന കുട്ടി സാമൂഹിക മാധ്യമ ഉപയോക്താക്കളെ സത്യത്തില്‍ അമ്പരപ്പിച്ചിരിക്കുകയാണ്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനകം 16 ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധിപേര്‍ തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. ''ച്യൂയിംഗ് ഗം വ്യത്യസ്തമായ ആത്മവിശ്വാസം നല്കുന്നു ഫോണ്‍ തരൂ സര്!' ഒരു കാഴ്ചക്കാരന് എഴുതി. 'അവന്റെ അച്ഛന് ഒരു രാഷ്ട്രീയക്കാരനാണെന്ന് തോന്നുന്നു.' മറ്റൊരാള്‍ കുട്ടിയുടെ ആത്മവിശ്വാസത്തിന്റെ കാരണം കണ്ടെത്തി. കുട്ടിയുടെ ആറ്റിറ്റിയൂഡ് കാണൂ എന്ന് നിരവധി പേര് കുറിച്ചു.






