ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണിക്ക് ഏറ്റവും വലിയ പരീക്ഷണമായ സീറ്റ് വിഭജനമെന്ന കടമ്പ ഉത്തര്‍പ്രദേശില്‍ കടന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളിലേക്കും കോണ്‍ഗ്രസുമായി ധാരണയിലെത്തിയെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി. സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷ് ഭീഷണി മുഴക്കിയതായി വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണിത്.
എല്ലാം ശുഭകരമായി പൂര്‍ത്തിയായി. ഇവിടെ ഒരു സഖ്യമുണ്ട്. ഇവിടെ ഒരു സംഘര്‍ഷവുമില്ല. എല്ലാം ഉടന്‍ വ്യക്തമാകും.- അഖിലേഷ് യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്ന് പാര്‍ട്ടി ജനറല്‍ ശസക്രട്ടറി അവിനാഷ് പാണ്ഡെ വ്യക്തമാക്കി. സഖ്യത്തിന്റെ നല്ലതിനായി ചില സീറ്റുകളില്‍ മാറ്റങ്ങള്‍ വരുത്തിയതായും കോണ്‍ഗ്രസ് അറിയിച്ചു.
സമാജ്വാദി പാര്‍ട്ടി 62 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് സൂചന. 17 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കും. ഒരു സീറ്റ് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിക്കും നല്‍കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
19 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൊറാദാബാദ് എസ്.പിക്ക് തന്നെ നല്‍കും. പകരം വാരണാസിയില്‍ കോണ്‍ഗ്രസ് മത്സരിക്കും. സിതാപുരിലും ഹത്രാസിലും എസ്.പി തന്നെ മത്സരിക്കും. ബുലന്ദ്ഷഹര്‍, മഥുര സീറ്റുകള്‍ പകരം വച്ചുമാറാനും ധാരണയായിട്ടുണ്ട്.
പഞ്ചാബിലും, ഡല്‍ഹിയിലും ബംഗാളിലും ജമ്മു കശ്മീരിലും ഇന്ത്യ മുന്നണിയില്‍ സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കേയാണ് യു.പിയില്‍ വിജയത്തിലെത്തുന്നത്.






