
ന്യൂഡല്‍ഹി: മോഡല്‍ സൂറത്തിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഐപിഎല്‍ ക്രിക്കറ്റ് താരം സംശയത്തിന്റെ നിഴലില്‍. 28 കാരിയായ മോഡല്‍ താന്യ സിങ്ങിന്റെ ദാരുണ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് അപ്രതീക്ഷിത വഴിത്തിരിവിലേക്കും ഐപിഎല്‍ ടീമായ സണ്‍ റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ കളിക്കാരനായ അഭിഷേക് ശര്‍മ്മയിലേക്കും എത്തിയിരിക്കുന്നത്.
താന്യ സിങ്ങും സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓള്‍റൗണ്ടര്‍ അഭിഷേക് ശര്‍മ്മയും തമ്മില്‍ സൗഹൃദത്തിലായിരുന്നെന്ന് സൂചിപ്പിക്കുന്ന ചില വിവരങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. മരിച്ച മോഡല്‍ ശര്‍മ്മയ്ക്ക് വാട്ട്സ്ആപ്പില്‍ അയച്ച സന്ദേശം പോലീസ് കണ്ടെത്തി. എന്നാല്‍ ഇയാള്‍ അതിന് ഉത്തരം നല്‍കിയിരുന്നില്ലെന്നും കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എസിപി മല്‍ഹോത്ര പറഞ്ഞു.
പോലീസ് ഇതുവരെ അഭിഷേക് ശര്‍മ്മയെ ബന്ധപ്പെട്ടിട്ടില്ലെങ്കിലും കൂടുതല്‍ വ്യക്തതയ്ക്കായി ഒരു നോട്ടീസ് അയയ്ക്കാന്‍ പദ്ധതിയിടുകയാണ്. അഭിഷേക് ശര്‍മ്മ യുവതിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നുവെന്നും സോഷ്യല്‍ മീഡിയയിലെ അവളുടെ സന്ദേശങ്ങളോട് പ്രതികരിച്ചിരുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പിതാവ് ഭന്‍വര്‍ സിംഗ് വിളിച്ചുണര്‍ത്താന്‍ പോയപ്പോഴാണ് തന്യ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്.
മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന 28 കാരിയായ മോഡലും ഫാഷന്‍ ഡിസൈനറുമൊക്കെയായ താന്യയ്ക്ക് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അനേകം ആരാധകരുണ്ടായിരുന്നു. തന്യാ സിംഗിന്റെ ഫോണില്‍ നിന്നുള്ള കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (സിഡിആര്‍), ഐപി ഡീറ്റെയില്‍ റെക്കോര്‍ഡ് (ഐപിഡിആര്‍) ഡാറ്റ എന്നിവ പരിശോധിച്ച് ദുരൂഹമായ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് സാങ്കേതികവിദ്യയെ ആശ്രയിക്കുകയാണ്. പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്താമെന്നാണ് പോലീസ് കരുതുന്നത്.






