
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖല കമ്പനിയായ കെഎസ്ഐഡിസി നല്കിയ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. കേന്ദ്ര അന്വേഷണത്തെ എതിര്‍ക്കുന്നതെന്തിനാണ്? പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡിസിപൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെയെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
മാസപ്പടിയായി കരിമണല്‍ കമ്പനിയായ സി എം ആര് എല്ലില്‍ നിന്ന് പണം നല്‍കിയത് അറിഞ്ഞില്ലെന്ന കെ എസ് ഐ ഡി സി നിലപാടാണ് കോടതി ചോദ്യം ചെയ്തത്. പൊതുപണം ഉപയോഗിച്ചാണ് സി എം ആര് എല്ലില്‍ 13 ശതമാനത്തിലധികം ഓഹരി കെഎസ്ഐഡിസി വാങ്ങിയത്. കരിമണല്‍ കമ്പനിയുടെ ഡയറ്കടര്‍ ബോര്‍ഡില്‍ കെ എസ് ഐ ഡി സിയുടെ ഒരു നോമിനിയുമുണ്ട്. എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ആരാഞ്ഞു.നിങ്ങളുടെ നോമിനിക്ക് കമ്പനിയില്‍ നടന്നത് എന്തെന്ന് അറിയല്ലെന്ന് പറയുന്നത് ലോജിക്കല്‍ അല്ലെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.
അന്വേഷണം തല്‍ക്കാലത്തേക്ക് മരവിപ്പിക്കണമെന്ന് കെ എസ് ഐ ഡി സി ആവശ്യപ്പെട്ടു. എസ് എഫ് ഐ ഒ അന്വേഷണത്തില്‍ തങ്ങള്‍ക്കെതിരെ എന്തെങ്കിലും ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ അന്വേഷിക്കാവൂ എന്നും കമ്പനി കോടതിയില്‍ ആവശ്യപ്പെട്ടു.






