
കൊച്ചി: ലൈംഗികാതിക്രമകേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം അനുവദിച്ചു. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. സിനിമാഷൂട്ടിംഗിനിടയില്‍ കാരാവാനില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 31 ന് തൊടുപുഴയില്‍ വെച്ച് അറസ്റ്റിലായ രഞ്ജിത്തിനെ റിമാന്റില്‍ വിടുകയായിരുന്നു.
കോടതി പോലീസ് കസ്റ്റഡിയിലേക്ക് വിട്ടതിനെ തുടര്‍ന്ന് എറണാകുളം സബ്ജയിലിലായിരുന്നു രഞ്ജിത്ത് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിക്കപ്പെട്ടില്ല. തനിക്കെതിരേയുള്ള ലൈംഗികാതിക്രമ പരാതി വ്യാജമാണെന്നും യുവനടിയുടെ അഭിനയത്തെ വിമര്‍ശിച്ചതിന്റെ വൈരാഗ്യമാണ് കേസെന്നാണ് രഞ്ജിത്ത് തന്റെ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ രഞ്ജിത്തിന് ജാമ്യം നല്‍കുന്നത് പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.
കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനോട് രഞ്ജിത്ത് സഹകരിക്കുന്നില്ലെന്നും ഉന്നത സ്വാധീനമുള്ള വ്യക്തി ആയതിനാല്‍ ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാന്‍ കാരണമായി മാറുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ കുറ്റം സമ്മതിക്കുന്നില്ല എന്നത് അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന് എങ്ങിനെ വ്യാഖ്യാനിക്കാനാകുമെന്നായിരുന്നു രഞ്ജിത്തിന്റെ അഭിഭാഷകന്റെ ചോദ്യം. രഞ്ജിത്ത് എപ്പോള്‍ വേണമെങ്കിലൂം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും പറഞ്ഞു.
അതേസമയം കേസില്‍ പോലീസ് വീണ്ടും രഞ്ജിത്തിനെ ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു. രഞ്ജിത്ത് യുവനടിയുമായി കാരവാനില്‍ എത്തുന്നതിന്റെ സാക്ഷിമൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നു. യുവനടിയുെട മൊഴിയും രേഖപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ വഴിയുള്ള തെളിവുകളുടെ ശേഖരണത്തിലാണ് പോലീസ് ഇപ്പോള്‍.






