
ഡോക്ടർമാർ അഞ്ച് ഗുളികകളാണ് നിർദ്ദേശിച്ചതെങ്കിൽ 10 അല്ലെങ്കിൽ 15 ഗുളികകളുള്ള പൂർണമായ സ്ട്രിപ്പ് വാങ്ങാൻ രോഗികളെ നിർബന്ധിക്കാതെ, നിർദ്ദേശിച്ച അളവിൽ മാത്രം മരുന്ന് നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
രോഗികൾക്ക് അനാവശ്യമായി കൂടുതൽ പണം ചെലവാക്കേണ്ടി വരുന്നു എന്ന പരാതിയെത്തുടർന്ന് ഡ്രഗ് കൺസൾട്ടേറ്റീവ് കമ്മിറ്റി (DCC) ഈ വിഷയം ഗൗരവമായി എടുത്തു. മരുന്നുകളുടെ ലേബലിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച സബ് കമ്മിറ്റിക്ക് ഈ വിഷയം വിട്ടുനൽകാൻ ഡിസിസി ശുപാർശ ചെയ്തു. രോഗികൾക്ക് ഇത് ഗുണകരമായ നീക്കമാണെങ്കിലും, ഇന്ത്യയിലെ ഏറ്റവും വലിയ കെമിസ്റ്റ് സംഘടനയായ AIOCD ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
കെമിസ്റ്റുകൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങൾ
1. സാമ്പത്തിക നഷ്ടം: സ്ട്രിപ്പുകൾ മുറിച്ച് മരുന്ന് നൽകിയാൽ ബാക്കി വരുന്ന മരുന്നുകൾ തിരികെ നൽകാനോ പിന്നീട് വിൽക്കാനോ കഴിയില്ല. ഇത് കെമിസ്റ്റുകൾക്ക് നേരിട്ടുള്ള സാമ്പത്തിക നഷ്ടമുണ്ടാക്കും. സർക്കാർ നിശ്ചയിച്ച ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന കടകൾക്ക് ഈ നഷ്ടം താങ്ങാൻ കഴിയില്ല.
2. മരുന്നിന്റെ സുരക്ഷ: സ്ട്രിപ്പുകൾ മുറിക്കുമ്പോൾ ബാച്ച് നമ്പറും കാലാവധി തീരുന്ന തീയതിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത് രോഗികളുടെ സുരക്ഷയെ ബാധിക്കും. കൂടാതെ നിയമപരമായ പ്രശ്നങ്ങൾക്കും ഇത് വഴിയൊരുക്കും.
3. ആലോചനകളുടെ കുറവ്:ഇത്തരം വലിയ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ പ്രാഥമിക പങ്കാളികളായ വ്യാപാരികളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു.
കെമിസ്റ്റുകളുടെ നിർദേശങ്ങൾ
നിയമത്തെ പൂർണമായി തള്ളിക്കളയാതെ ആറ് നിർദേശങ്ങൾ സംഘടന മുന്നോട്ടുവെച്ചു
ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ചെറിയ പാക്കറ്റുകളിൽ മരുന്നുകൾ പുറത്തിറക്കണം.
ഓരോ ഗുളികയുടെയും പിന്നിൽ ബാച്ച് നമ്പറും എക്‌സ്പയറി ഡേറ്റും രേഖപ്പെടുത്തണം.
വിൽക്കാത്ത ഭാഗിക സ്ട്രിപ്പുകൾ തിരികെ എടുക്കാൻ കമ്പനികൾ തയാറാകണം.
നഷ്ടം നികത്താൻ വ്യാപാരികളുടെ ലാഭവിഹിതം പുതുക്കി നിശ്ചയിക്കണം.
കൃത്യമായ എണ്ണത്തിൽ മരുന്ന് നൽകുന്നത് നിർബന്ധമാക്കാതെ, സൗകര്യപ്രദമായ ഇടങ്ങളിൽ മാത്രം നടപ്പിലാക്കാൻ അനുവദിക്കണം.






