
ബോളിവുഡില്‍ മാത്രമല്ല മലയാളത്തിലും തമിഴിലും ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് സമീറ റെഡ്ഡി. നിരവധി മികച്ച വേഷങ്ങള്‍ ചെയ്ത സമീറയ്ക്ക് ആരാധകർ ഏറെയാണ്. വിവാഹവും കുട്ടികളുമൊക്കെ ആയതോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത താരം പിന്നീട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് സോഷ്യല്‍ മീഡിയയിലൂടെയാണ്. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയും അഭിപ്രായങ്ങളും നിലപാടുകളും പങ്കുവയ്ക്കുന്നതിനൊപ്പം ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും താരം ധാരാളമായി സംസാരിക്കാറുണ്ട്. ‘മെസി മമ്മ’ എന്നാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. ഇപ്പോഴിതാ തന്റെ കരിയറില്‍ നേരിടേണ്ടിവന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും പ്ലാസ്റ്റിക് സർജറി നടത്താൻ പറഞ്ഞതിനെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരമിത് തുറന്നു പറഞ്ഞത്. ശരീരം വണ്ണമില്ലാത്തതുകൊണ്ട് താൻ മുൻപ് വലിയ രീതിയില്‍ ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നെന്നും താരം വ്യക്തമാക്കി. കൂടാതെ മാറിടത്ത് വലിപ്പം കൂട്ടുവാൻ വേണ്ടി തന്നെ പലരും നിർബന്ധിച്ചിട്ടുണ്ടെന്നും സമീറ റെഡ്ഡി പറഞ്ഞു.
‘‘പത്ത് വർഷം മുമ്പത്തെ അവസ്ഥ ഭ്രാന്തമായിരുന്നു. മുഖത്തും ശരീരത്തിലും നിരവധി തിരുത്തൽ ശസ്ത്രക്രിയകൾ നടത്താൻ എന്നോട് പലരും ആവശ്യപ്പെട്ടു. അന്ന് എല്ലാവരും പ്ലാസ്റ്റിക് സർജറി ചെയ്യുമായിരുന്നു. ബൂബ് ജോബും നോസ് ജോബുമൊക്കെ ചെയ്യുമായിരുന്നു. എനിക്ക് എപ്പോഴും മാറിടത്തില്‍ പാഡ് ഉപയോഗിക്കേണ്ടി വന്നിരുന്നു. എന്നോട് ബൂബ് ജോബ് ചെയ്യാന്‍ പറഞ്ഞു. പലവട്ടം. അന്നൊക്കെ ഞാന്‍ പല തവണ ചിന്തിച്ചിട്ടുണ്ട്, ‘ഞാനത് ചെയ്യണോ? ഇതാണോ പതിവ്?’ എന്നൊക്കെ. കാരണം അത് പലരും തുറന്ന് പറഞ്ഞതാണ്, പക്ഷേ ഞാൻ അത് ചെയ്തില്ല. അതില്‍ ഞാൻ ഇന്ന് സന്തോഷിക്കുന്നു. സര്‍ജറികള്‍ ചെയ്യുന്നവരുണ്ട്. അത് അവരുടെ തിരഞ്ഞെടുപ്പാണ്. അതില്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ ആകാം. ജീവിക്കൂ ജീവിക്കാൻ അനുവദിക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്'. - സമീറ റെഡ്ഡി പറഞ്ഞു.






