
തിരുവനന്തപുരം: ഫെബ്രുവരി മാസത്തിലെ റേഷൻ വിതരണം നാളെകൂടി. മാർച്ച് ഒന്ന് വെള്ളിയാഴ്ച കൂടി റേഷൻ വിതരണം ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി. ഇ-പോസ് മെഷീനിലെ തകരാർ കാരണം ഇന്നലെയും റേഷൻ വിതരണം മുടങ്ങി. ഇതിന്റെ പശ്ചാത്തലത്തിലാണ് നാളത്തേക്ക് കൂടി റേഷൻ വിതരണം നീട്ടിയത്.
റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഒഴിവാക്കണമെന്ന് മന്ത്രി ജി ആർ അനിൽ അനില്‍ ആവശ്യപ്പെട്ടു. റേഷൻ വ്യാപാരി സംഘടനകളുമായി മന്ത്രി ചർച്ച നടത്തി. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കാൻ തയ്യാറെന്ന് മന്ത്രി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മാറുംവരെ സാവകാശം വേണമെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടു. സംഘടനകളുടെ സംയുക്ത യോഗം ചേർന്ന ശേഷം തീരുമാനം അറിയിക്കാമെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു. വ്യാപാരികളുടെ എല്ലാ ആവശ്യങ്ങളോടും അനുകൂല സമീപനമാണെന്നും മന്ത്രി വ്യക്തമാക്കി.
മാർച്ച് മാസവും അധിക അരി ഉണ്ടാകും. നീല കാർഡുടമകൾക്ക് നാല് കിലോ അരിയും വെള്ള കാർഡിന് അഞ്ച് കിലോ അരിയും അധികം നൽകും. 10.90 രൂപ നിരക്കിലാണ് വില്പന. നിലവിലെ വിഹിതത്തിന് പുറമെയാണ് അധികം അരി നൽകുന്നത്. കഴിഞ്ഞ മാസങ്ങളിലും അധികം സ്റ്റോക്കുള്ള അരി ഇത്തരത്തിൽ വിതരണം ചെയ്തിരുന്നു.






