
മലയാളം സംസാരിക്കാന്‍ അറിയാത്ത ദേശീയ നേതാക്കള്‍ കേരളത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ അവരുടെ പ്രസംഗം മലയാളികളായ കാണികള്‍ക്ക് പരിഭാഷപ്പെടുത്തി മനസ്സിലാക്കിക്കൊടുക്കുക എന്നത് വലിയ ഒരു ജോലിയാണ്. ശ്രമകരമായ ഈ ജോലി പലപ്പോഴും മികച്ച പരിഭാഷകരാണ് ഏറ്റെടുക്കാറുണ്ട്. കൃത്യസമയത്ത് മികച്ച പരിഭാഷകരെ കിട്ടിയില്ലെങ്കില്‍ നേതാക്കള്‍ തന്നെ ആ ഉദ്യമം ഏറ്റെടുക്കാറുണ്ട്. തപ്പിയും തടഞ്ഞും പറഞ്ഞും അവരവരുടേതായ രീതിയില്‍ അര്‍ത്ഥം നോക്കാതെ കാണികളോട് ആവര്‍ത്തിച്ചും പലരും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. പരിഭാഷപ്പെടുത്തി എയറില്‍ കയറിയവരും മികച്ച രീതിയില്‍ പരിഭാഷപ്പെടുത്തി കൈയ്യടി നേടിയവരും ഈ കൂട്ടത്തിലുണ്ട്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ മുന്പന്തിയിലാകുകയാണ് ഒരു വീഡിയോ. കൊല്ലത്ത് ജനാധിപത്യ മഹിളാ അസോസിയേഷന് സംഘടിപ്പിച്ച മഹിള സംഗമ വേദിയിലെത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി വൈറലായിരിക്കുന്നത് സിപിഎം കൊല്ലം ഏരിയാ കമ്മറ്റി മെമ്പറും അഭിഭാഷകനുമായ കെ.പി സജിനാഥാണ്.
സമകാലിക രാഷ്ട്രീയ സംഭവങ്ങളെ കുറിച്ചുള്ള ബൃന്ദാ കാരാട്ടിന്റെ പ്രസംഗം കത്തിക്കയറുകയായിരുന്നു. അതിനിടെയാണ് മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്റെ മകള്‍ പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സംഭവം ബൃന്ദാ കാരാട്ട് പരാമര്‍ശിച്ചത്.
“ടുഡെ ഐ ഹേർഡ്, ഡോട്ടർ ഓഫ് ഫോർമർ ചീഫ് മിനിസ്റ്റർ, കോൺഗ്രസ് ചീഫ് മിനിസ്റ്റർ ഓഫ് കേരള ഹാസ് ഗോൺ ആൻഡ് ജോയിൻഡ് ബിജെപി” (മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകൾ ബിജെപിയിൽ ചേർന്നതായി കേട്ടു) എന്നാണ് ബൃന്ദാ കാരാട്ട് പറഞ്ഞത്. രസമതല്ല പിന്നാലെ എത്തിയ കെ.പി സജിനാഥിന്റെ പരിഭാഷ പ്രസംഗത്തിന്റെ ഹൈലൈറ്റായി മാറി. ബൃന്ദാ കാരാട്ടിന്റെ ദീര്‍ഘമായ വാചകങ്ങള്‍ക്ക് ‘പത്മജ പോയി’ എന്ന രണ്ടേ രണ്ട് വാക്കില്‍ ഒതുക്കി സജിനാഥ് പരിഭാഷപ്പെടുത്തി. ഇത് കേട്ടതോടെ വേദിയിലും സദസിലുമുള്ളവര്ക്ക് ചിരിയടക്കാനായില്ല.
ബാക്കി എല്ലാവർക്കും അറിയാമെന്ന് കൂടി പറഞ്ഞപ്പോൾ ബൃന്ദയും പരിഭാഷ ശരിവെച്ചു. കൂട്ടത്തില്‍ ‘നോ നീഡ് ഓഫ് ട്രാൻസ്ലേഷൻ’എന്നൊരു കമന്റും വന്നു. തെരഞ്ഞെടുപ്പ് ചൂട് പിടിച്ച രാഷ്ട്രീയക്കാരുടെ സോഷ്യല്‍ മീഡിയ പേജുകളിലും വാട്സാപ്പ് സ്റ്റാറ്റസുകളിലും സജിനാഥിന്റെ ഈ രണ്ട് വാക്ക് പരിഭാഷ വൈറലാകുകയാണ്.
‘മലയാളത്തിന്റെ ഒരു പവറേ, വലിയ ഡെക്കറേഷൻ ഒന്നും വേണ്ട പത്മജ പോയി, പത്മജയുടെ പോക്കും അദ്ദേഹത്തിന്റെ ട്രാൻസ്ലേഷനും എല്ലാം വളരെ പെട്ടെന്നായിരുന്നു’ എന്നതടക്കമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.






