
വിവാഹം സ്വര്‍ഗ്ഗത്തില്‍ വച്ചാണ് തീരുമാനിക്കപ്പെടുന്നതെന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ അതിനു വേണ്ടുന്ന ആലോചനകളും പ്രെപ്പോസലുകളും നടക്കേണ്ടത് ഭൂമിയില്‍ വച്ചു തന്നെയാണ്. ഇന്നത്തെ തലമുറ അറേഞ്ച് മാര്യേജിനേക്കാളേറെ താത്പര്യം പ്രകടിപ്പിക്കുന്നത് പ്രണയവിവാഹത്തിനാണ്. തങ്ങളുടെ പാര്‍ട്നറെ കണ്ടെത്തി പ്രൊപ്പോസ് ചെയ്ത് കുടുംബത്തിനു മുന്നില്‍ പരിചയപ്പെടുത്താനാണ് പലരും ഇഷ്ടപ്പെടുന്നത്. സോഷ്യല്‍ മീഡിയ സജീവമായതു കൊണ്ടു തന്നെ അതിമനോഹരമായ പല പ്രൊപ്പോസല്‍ വീഡിയോകളും അതിലൂടെ വൈറലായി മാറാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഇതുവരെ കണ്ടിട്ടുള്ളതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു വെറൈറ്റി പ്രൊപ്പോസലാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റിലെഒരു പ്രൊബേഷണറി ഫയർഫൈറ്ററാണ് ഈ കഥയിലെ താരം. തന്റെ ട്രെയിനിങ്ങിന്റെ ദിവസമാണ് കാമുകന്‍ കാമുകിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സര്‍പ്രൈസ് നല്‍കിയത്. ഫയർഫൈറ്ററായ ജെയ്‌സണ്‍ റാല്‍ഫ് തന്റെ കാമുകി ഡാസിയ മൂറിനെ വ്യത്യസ്തമായി പ്രൊപ്പോസ് ചെയ്തത് സഹപ്രവർത്തകരുടെ സഹായത്തോടെയായിരുന്നു.
റാൻഡല്‍സ് ഐലൻഡ് ഫയർ അക്കാദമിയില്‍ നടന്ന എഫ്ഡിഎന്‍വൈയുടെ ‘ഫാമിലി ഡേ’ ആഘോഷങ്ങള്‍ക്കിടെയായിരുന്നു സര്‍പ്രൈസ് എത്തിയത്. പ്രൊബേഷണറി ഫയർഫൈറ്റർമാർക്ക് തങ്ങള്‍ പഠിച്ച രക്ഷാപ്രവർത്തനങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ പ്രദർശിപ്പിക്കാനുള്ള അവസരമായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കെട്ടിടത്തിന് മുകളില്‍ നടക്കുന്ന ഒരു രക്ഷാപ്രവർത്തനത്തിന്റെ ഡെമോണ്‍സ്ട്രേഷനില്‍ വെറുതെ പങ്കെടുക്കുകയാണ് താൻ എന്നാണ് ഡാസിയ കരുതിയിരുന്നത്. ഒരു ജനല്‍പടിയിലിരിക്കുകയായിരുന്നു ഡാസിയ. അപ്പോഴാണ് ഫയർഫൈറ്റിംഗ് ഗിയറൊക്കെ ധരിച്ച ജെയ്‌സണ്‍ റാല്‍ഫ്, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കയറിലൂടെ താഴേക്ക് ഇറങ്ങി വന്ന് ഡാസിയയെ രക്ഷപെടുത്താന്‍ ശ്രമിച്ചത്. രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ജെയ്‌സണ്‍ നിലത്തു മുട്ടുകുത്തി നിന്ന് മോതിരം നീട്ടി. ഈ സമയം മറ്റ് ഫയർഫൈറ്റർമാർ ‘മാരി മീ’ എന്ന് എഴുതിയ ബോർഡുകള്‍ ഉയർത്തിപ്പിടിച്ചു.
‘‘ശനിയാഴ്ച നടന്ന ഫാമിലി ഡേയില്‍ പ്രൊബേഷണറി ഫയർഫൈറ്റർ ജെയ്‌സണ്‍ റാല്‍ഫ് കാമുകിയെ പ്രൊപ്പോസ് ചെയ്തു. ഈ ചോദ്യം ചോദിക്കാൻ എല്ലാ സഹപ്രവർത്തകരും ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ഡാസിയ മൂർ ‘യെസ്’ പറഞ്ഞു...‘അഭിനന്ദനങ്ങള്‍ പ്രോബി...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് എക്സില്‍ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും കുറിക്കുന്നത്.
Proby Proposal™️
Probationary Firefighter Jayson Ralph got down on one knee on Saturday at Family Day. All-hands were clearly operating to help ask the question.
His now fiancée, Dasia Moore, said YES! Congrats, Proby! pic.twitter.com/WucxfT9Eub— FDNY (@FDNY) June 29, 2026






