
ജപ്പാനില്‍ വിചിത്ര സസ്യത്തെ കണ്ടെത്തി ഗവേഷണ ലോകം. കടല്‍ജീവിയായ കണവയോട് സാമ്യമുള്ള ഇവയുടെ താമസം ഭൂമിക്കടിയിലാണ്. 1930നു ശേഷം ജപ്പാനില്‍ നിന്നു കണ്ടെത്തപ്പെടുന്ന ആദ്യ സസ്യജനുസ്സാണ് ഇത്. റെലിക്ട്തിസ്മിയ കിമോട്സുകെനിസ് എന്നാണ് ഈ സസ്യത്തിനു നല്‍കിയിരിക്കുന്ന പേര്. ജപ്പാനിലെ ക്യൂഷു ദ്വീപില്‍ കിമോട്സുകി മലനിരകളിലാണ് ഈ സസ്യത്തെ ഒരു അമച്വര്‍ സസ്യശാസ്ത്രജ്ഞനായ 2022 ജൂണില്‍ കണ്ടെത്തിയത്. തുടര്‍ന്നു രണ്ടുവര്‍ഷം നീണ്ട പഠനത്തിനും വിലയിരുത്തലിനും ശേഷമാണ് ഈ സസ്യത്തെ ശാസ്ത്രലോകം സ്ഥിരീകരിച്ചത്.
അപൂര്‍വ്വമായി കാണപ്പെടുന്ന ഇവയുടെ അംഗ്യസംഖ്യ വെറും 50 എണ്ണം മാത്രമാണ്. മൂന്ന് സെന്റിമീറ്റര്‍ ഉയരത്തിലും രണ്ടു സെന്റിമീറ്റര്‍ വീതിയിലുമാണ് ഈ സസ്യം വളരുക. ഭൂമിക്കടിയിലാണു വളരുന്നതെങ്കിലും ഓരോ വര്‍ഷവും ഒരു തവണ ഇത് ഉപരിതലം കടന്ന് ദൃശ്യമാകും. ഫെയറി ലാന്റേണ്‍ എന്ന വിഭാഗത്തിലെ ചെടികളുമായി സാമ്യമുള്ളതാണ് ഈ സസ്യം. ഫെയറി ലാന്റേണ്‍ വിഭാഗത്തിലുള്ള സസ്യങ്ങള്‍ക്ക് ഹരിതക പിഗ്മന്റായ ക്ലോറോഫില്‍ ശരീരത്തിലുണ്ടാകില്ല. മറ്റു സസ്യങ്ങളില്‍ പ്രകാശസംശ്ലേഷണം വഴി സൂര്യനില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചുവയ്ക്കുന്ന പ്രക്രിയയില്‍ ക്ലോറോഫില്‍ നിര്‍ണായകമാണ്.
ഫെയറി ലാന്റേണുകള്‍ ഇതിനു പകരം ഫംഗസുകളില്‍ നിന്നാണ് തങ്ങള്‍ക്കുവേണ്ട ഊര്‍ജം സ്വീകരിക്കുന്നത്. ഇവയ്ക്ക് അതിനാല്‍ തന്നെ പച്ചപ്പ് കലര്‍ന്ന നിറവുമായിരിക്കില്ല. തിസ്മിയ റോഡ്വായി എന്നാണ് ഫെയറി ലാന്റേണ്‍ ചെടികളുടെ ശാസ്ത്രനാമം. ഓസ്ട്രേലിയയിലാണ് ഇതു കാണപ്പെടുന്നത്. പൊതുവെ സസ്യങ്ങളുടെ വലിയ സവിശേഷതയാണ് ക്ലോറോഫില്ലെങ്കിലും ഇതില്ലാത്ത സസ്യങ്ങള്‍ വേറെയുമുണ്ട്. ബ്രൂംറേപ്പ്, കസ്കുട്ട. നെറ്റില്‍സ് തുടങ്ങി പല ചെടികള്‍ക്കും ക്ലോറോഫില്ലില്ല. ഇവ ഭക്ഷണത്തിനായി മറ്റു സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്.






