
തമിഴ്നാട് : തമിഴ്നാട് സര്‍ക്കാര്‍ മാസംതോറും സംസ്ഥാനത്തെ കുടുംബനാഥകള്‍ക്ക് നല്കി വരുന്ന ധനസഹായത്തെ 'പിച്ചക്കാശ്' എന്ന പരാമര്‍ശം ഉയര്‍ത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു വിവാദത്തില്‍. നടിക്കെതിരേ ഡിഎംകെ യുടെ വനിതാവിഭാഗം രംഗത്തുവന്നതോടെ വിശദീകരണവുമായി സിനിമാനടി സാമൂഹ്യമാധ്യമത്തില്‍ എത്തുകയും ചെയ്തു.
തമിഴ്നാട് സര്‍ക്കാരിനെ പരിഹസിക്കാന്‍ നടത്തിയ പരാമര്‍ശമാണ് ഖുശ്ബുവിനെ കുഴപ്പത്തില്‍ ചാടിച്ചത്. തമിഴ്നാട് സര്‍ക്കാര്‍ മാസംതോറും കുടുംബനാഥമാരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന ആയിരം രൂപ വെറും പിച്ച കാശ് ആണെന്നും ഇനിയും സ്ത്രീകള്‍ക്ക് വെറും 1000 രൂപ മാത്രമാണ് കൊടുക്കുന്നതെങ്കില്‍ അവര്‍ ഇനി ഡിഎംകെക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്നും ഖുശ്ബു പറഞ്ഞു. എന്നാല്‍ ഖുശ്ബു അപകീര്‍ത്തിപ്പെടുത്തിയത് തമിഴ്നാട്ടിലെ 1.16 കോടി സ്ത്രീകളെയാണെന്നും അവര്‍ പറഞ്ഞ 'പിച്ച കാശ്' തമിഴ്നാട്ടിലെ സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെ ഉപകാര പ്രദമാണെന്നും തമിഴ്നാട് സാമൂഹ്യക്ഷേമ, വനിതാ ശാക്തീകരണ മന്ത്രി ഗീതാ ജീവന് പറഞ്ഞു.
പ്രസ്താവന വിവാദമാകുകയും ഡിഎംകെയുടെ വനിതാനേതാക്കള്‍ പ്രതിഷേധിക്കുകയും ചെയ്തതോടെ വിശദീകരണവുമായി നടി രംഗത്ത് വരികയും ചെയ്തു. എക്സിലൂടെയായിരുന്നു മറുപടി നല്‍കിയത്. താന്‍ ഉദ്ദേശിച്ചത് സ്ത്രീകള്‍ക്ക് അവരുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ ആവശ്യം ഒരു ജോലി ആണെന്നും അവര്‍ക്ക് അതിനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതിന് പകരം സര്‍ക്കാര്‍ നല്കുന്ന ഈ 1000 രൂപ അല്ലെന്നുള്ള കാര്യമാണെന്നും 1000 രൂപ മാത്രമാണ് ഇനിയും നല്കുന്നതെങ്കില് അവര്‍ വോട്ട് ചെയ്യില്ലെന്നും ഖുശ്ബു പറഞ്ഞു.
2000 കോടി രൂപയുടെ ലഹരി മരുന്ന് കേസില്‍ തമിഴ്നാട് സിനിമ നിര്‍മ്മാതാവ് ജാഫര്‍ സാദിക്കിനെ അറസ്റ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്ത ഡിഎംകെ സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടിയില്‍ ആയിരുന്നു ഖുശ്ബുവിന്റെ വിവാദ പരാമര്‍ശം. തമിഴ്നാട്ടിലെ സ്ത്രീകളുടെ കഷ്ടപ്പാട് അറിയാത്ത ആളാണ് ഖുശ്ബു എന്നും അത്് അറിയായിരുന്നെങ്കില്‍ ഇത് പറയില്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു. അവരുടെ കഷ്ടപ്പാടിന് ഇടയ്ക്ക് ഈ ആയിരം രൂപ അവര്‍ക്ക് വളരെ സഹായകരമാണ്. ഇതൊന്നും അറിയാതെ തോന്നിയത് വിളിച്ചു പറയരുതെന്നും മന്ത്രി ഗീതാ ജീവന് പറഞ്ഞു.






