
കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ മനസ്സ് കവര്‍ന്ന നടനും മിമിക്രി താരവുമാണ് ബിനു അടിമാലി. കൗണ്ടര്‍ താരമായി അറിയപ്പെടുന്ന ബിനു സിനിമകളിലും തിളങ്ങിയിട്ടുണ്ട്. പൊതുവേ കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ബിനു അടിമാലിയ്ക്കെതിരെ ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്നത്.
നടന് ശാരീരികമായി ഉപദ്രവിച്ചെന്ന് കാണിച്ച് സുഹൃത്തും ക്യാമറമാനുമായ ജിനേഷ് എന്ന വ്യക്തിയാണ് രംഗത്തെത്തിയിരുന്നു. വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് തന്നെ നടൻ ബിനു അടിമാലി ഉപദ്രവിച്ചുവെന്നും കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും നടനുള്ള ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്ന ആരോപണവും ജിനേഷ് ഉന്നയിച്ചു. ഒപ്പം ബിനു അടിമാലി ഭീഷണിപ്പെടുത്തുന്ന വോയ്സ് ക്ലിപ്പും ജിനേഷ് പുറത്തു വിട്ടിരുന്നു.
ഇപ്പോഴിതാ തനിക്കെതിരെ വന്ന ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് ബിനു അടിമാലി. പ്രപഞ്ചത്തിലെ എല്ലാ ശക്തികളുടെ മുന്നില്‍ വച്ചും താന്‍ പറയുകയാണ്, അങ്ങനൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് ബിനു പറയുന്നത്. മാത്രമല്ല പോലീസ് സ്റ്റേഷനിലേക്ക് തന്നെ വിളിപ്പിച്ചതിനെ കുറിച്ചും സുധിയുടെ വീട്ടില്‍ പോയി പ്രഹസനം കാണിച്ചു എന്നൊക്കെയുള്ള ആരോപണങ്ങളും തികച്ചും വാസ്തവവിരുദ്ധമാണെന്നാണ് ബിനു അടിമാലി പറയുന്നത്.
‘‘എന്നെ കുറിച്ച് പറയുന്നത് കേട്ട് ഞാനും ഞെട്ടി പോയി. ഞാന്‍ ഇത്രയും ഭയങ്കരനാണോ എന്നോര്‍ത്ത് വിഷമം വന്നു. എനിക്ക് പറയാന്‍ ഒരു കാര്യമേയുള്ളു. ഒരു ചാനലിന്റെ പരിപാടി നടക്കുന്ന സമയത്ത് അവിടെ വച്ച് ഒരാളെ ഇടിച്ച് ചവിട്ടി വീഴ്ത്തി അയാളുടെ ക്യാമറ തല്ലിപ്പൊട്ടിച്ച ആളെ പിന്നെ ആ ചാനലില്‍ വെച്ചേക്കുമോ?
ആ ദിവസവും അതിന് ശേഷം രണ്ടുമൂന്ന് തവണയും അതേ സ്ഥലത്ത് പോയി കോമഡി ചെയ്തിരുന്നു. മാത്രമല്ല ഇത്രയും ഭയാനകമായൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ ആ ചാനല്‍ തന്നെ എന്റെ പേരില്‍ കേസെടുക്കും. വാര്‍ത്തകളില്‍ അത് വരിക തന്നെ ചെയ്യും. മാത്രമല്ല എന്നെ അവിടെ കാലുകുത്തിക്കാന്‍ അവര്‍ സമ്മതിക്കുമോ? പക്ഷേ ഇതൊന്നും സംഭവിച്ചില്ല.
പോലീസ് സ്റ്റേഷനില്‍ നിന്നും വിളിപ്പിച്ചിട്ട് ഞാന്‍ ചെന്നിരുന്നു. അദ്ദേഹം കാണിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യാതൊരു കുഴപ്പവും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. മാത്രമല്ല നിലത്തടിച്ച് പൊട്ടിച്ച ക്യാമറയ്ക്കും യാതൊരു കുഴപ്പമില്ല. അതവന്റെ അന്നമാണെന്ന് പറഞ്ഞ് ക്യാമറ വാങ്ങി പോയി അന്ന് മുതല്‍ പുള്ളി അതിലൂടെ ജോലി ചെയ്യുന്നുമുണ്ട്. പിന്നെ ക്യാമറ ഞാന്‍ തല്ലിപൊളിച്ചുവെന്ന് എങ്ങനെ പറയും.
മരിച്ചു പോയ സുധിയുടെ വീട്ടില്‍ പോയി ഞാന്‍ പ്രഹസനം കാണിച്ചു എന്ന് പറയുന്നുണ്ട്. അപകടം കഴിഞ്ഞ് മൂന്നുമാസത്തോളം വിശ്രമിക്കണമെന്നാണ്.
ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിന് അനുസരിച്ചാണ് വാക്കറില്‍ നടന്നിരുന്നത്. എന്റെ കാലിന് ലിഗ്മെന്റ് പ്രശ്നം നേരത്തെ തന്നെയുണ്ട്. അത് സ്റ്റാര്‍ മാജിക്കിലും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് പല ഗെയിമുകളും കളിക്കാന്‍ പറ്റാത്തത്.
ശരിക്കും ഈ വ്യക്തി ഫേമസ് ആവാന്‍ വേണ്ടി ചെയ്യുന്നതാണ് ഇതൊക്കെ. മാത്രമല്ല ക്യാമറ തല്ലിപ്പൊളിച്ചത് വകയായി ഞാന്‍ ഒന്‍പത് ലക്ഷം രൂപ കൊടുക്കണമെന്നാണ്.
ഇതുപോലൊരു ക്യാമറയ്ക്ക് മുന്നില്‍ നിന്നാണ് ഞാന്‍ കോമഡി കാണിക്കുന്നത്. അതിലൂടെയാണ് അന്നം വാങ്ങുന്നതും. അത് നിലത്തടിച്ച് പൊട്ടിച്ചെന്ന് പറയുകയാണെങ്കില്‍ ഞാന്‍ വല്ല സൈക്കോയും ആവണം. പിന്നെ ഞാന്‍ അയാളെ ഉപദ്രവിക്കുമ്പോള്‍ പുള്ളി തിരിച്ചും എന്നെ ഉപദ്രവിക്കേണ്ടത് അല്ലേ. അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല.
ആരോപണം ഉന്നയിച്ച ആളെ മുന്നില്‍ നിര്‍ത്തിയിട്ട് പുള്ളിയുമായി സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്തിനാണ് പുള്ളി ഇങ്ങനൊക്കെ പറയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല...’’ ബിനു അടിമാലി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബിനു അടിമാലിയുടെ വെളിപ്പെടുത്തല്‍.
‘‘കോമഡി സ്റ്റാർസിന് മുമ്പ് ഞാൻ രസികരാജ പരിപാടിയില്‍ സ്കിറ്റ് കളിച്ചിരുന്നു. അന്ന് ഞാൻ ആർക്കൊപ്പം നിന്നാണോ സ്കിറ്റ് കളിച്ചത് അവർക്കൊപ്പമാണ് ഞാൻ ഇന്നും സ്കിറ്റ് കളിക്കുന്നത്. പല ചാനലിലും പല തരത്തിലാണ് എന്നെ കുറിച്ച് വാർത്ത വന്നത്. ഞാൻ പിടിച്ച് എറിഞ്ഞു, ചവിട്ടിക്കൂട്ടി എന്നൊക്കെയാണ് വന്നത്. കമന്റ്സ് നോക്കാറില്ല. അതിനുള്ള മാനസികാവസ്ഥയിലല്ല. അത് വായിച്ചാല്‍ ഞാൻ തകർന്ന് പോകും. ഞാൻ ഒന്നും ചെയ്തിട്ടില്ല. സ്റ്റാർ മാജിക്കില്‍ വെച്ചാണ് എനിക്ക് എതിരെ ആരോപണം ഉന്നയിച്ച വ്യക്തിയെ ഞാൻ കാണുന്നത്. പുള്ളി ഒരു ഫോട്ടോഗ്രാഫറാണ്. ഞങ്ങളുടെ എല്ലാം ഫോട്ടോ എടുക്കാറുണ്ട്. ഒരു ദിവസം എന്നോട് പറഞ്ഞു ചേട്ടന്റെ സോഷ്യല്‍മീഡിയ ഞാൻ ഹാൻഡില്‍ ചെയ്യാമെന്ന്. എനിക്ക് ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊന്നും ഒന്നും ചെയ്യാൻ അറിയാത്തതുകൊണ്ട് ഞാൻ അത് സമ്മതിച്ചു. റീച്ചുള്ള ഒരു പേജ് വേണമായിരുന്നു പുള്ളിക്ക് ഫോട്ടോയിടാൻ. എന്റെ പേജ് നോക്കാൻ വന്നയാള്‍ പിന്നീട് എന്നോട് ചോദിച്ചു ഈ പേജ് കൊടുക്കുന്നുണ്ടോയെന്ന്. പല പ്രാവശ്യം ചോദിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല. പിന്നീട് പേജ് മിസ് യൂസ് ചെയ്യുന്ന ഒരുപാട് സന്ദർഭങ്ങളുണ്ടായി. മാത്രമല്ല എന്നോട് ചോദിക്കാതെ പേജിന്റെ പാസ്വേർഡുകള് മാറ്റി.
എന്റെ കൂടെ സഹകരിച്ച ഒരാളും ഞാൻ മോശക്കാരനാണെന്ന് പറയില്ലെന്നാണ് എന്റെ വിശ്വാസം. കാരണം ബിസിനസ് മൈന്റില്‍ ഞാൻ ആരോടും പെരുമാറാറില്ല. ഉള്ള വീട് വരെ വിറ്റു ഞാൻ. മകൻ വിദേശത്ത് പഠിക്കാൻ പോയി. അപ്പോള്‍ അവന്റെ ലോണും വീടിന്റെ ലോണും അടക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഞാൻ വീട് വിറ്റു. ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്ബോള്‍ വളരെ വിഷമമാണ്. സോഷ്യല്‍മീഡിയ വഴി എന്നെ നാറ്റിക്കുമെന്നാണ് ഇത് കോംപ്രമൈസ് ചെയ്യാൻ ചെല്ലുന്നവരോട് ജിനേഷ് പറയുന്നത്. ബിനു അടിമാലിയെ ഇനി സോഷ്യല്‍മീഡിയ വഴി ഞാൻ ഉപദ്രവിക്കില്ലെന്ന് പാലാരിവട്ടം സ്റ്റേഷനില്‍ ജിനേഷ് ഒപ്പിട്ട് എഴുതികൊടുത്തിട്ടുണ്ട്. അവന്റെ ഉദ്ദേശം അറിയില്ല. എന്റെ കയ്യില്‍ നിന്നും വാങ്ങിയ 52000 രൂപ പോലും തിരിച്ച് തന്നിട്ടില്ല.
തെളിവില്ലാത്ത വേറെയും പണം കൊടുത്തിട്ടുണ്ട്. എന്റെ ഗൂഗിള്‍ പേയുടെ പാസ്വേർഡ് വരെ ഒളിഞ്ഞു നിന്ന് മനസിലാക്കി. എന്റെ പേജില്‍ വരുന്ന പരസ്യത്തിന്റെ പൈസയൊന്നും എനിക്ക് കിട്ടിയിട്ടില്ല. സുധിയുടെ വീട്ടില്‍ ജിനേഷിന്റെ നിർബന്ധപ്രകാരമാണ് പോയത്. അതിന്റെ വീഡിയോ എന്റെ പേജിലിടാൻ അവൻ നിർബന്ധിച്ചു. പക്ഷെ അതിലൂടെ വരുന്ന വരുമാനം വേണ്ടെന്ന് അവനോട് പറഞ്ഞത് ഞാനാണ്.
ഇവൻ ഞങ്ങള്‍ക്കൊപ്പം വന്ന് ഞങ്ങള്‍ അറിയാതെയാണ് സുധിയുടെ വീട്ടിലെ വീഡിയോ എടുത്തത്. കൂടെ നിന്നവരെ വിശ്വസിച്ചത് മൂലം എട്ടിന്റെ പണി പലപ്പോഴായി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പ്രതികരിക്കാറില്ല. വീട്ടില്‍ എല്ലാവരും വിഷമത്തിലാണ്. ഇപ്പോള്‍ വർക്കും കുറവാണ്. ഞാൻ ഇടിച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവ് വേണ്ടേ?. ക്യാമറയുടെ മുമ്പില്‍ നിന്ന് പെർഫോം ചെയ്ത് അരി മേടിക്കുന്ന ഞാൻ കാമറ തല്ലിപ്പൊട്ടിക്കുമോ?. ഒമ്പത് ലക്ഷം രൂപയാണ് എന്നോട് ചോദിക്കുന്നത്. സുഖമില്ലാത്ത എന്റെ മകളാണ് എന്റെ ഏറ്റവും വലിയ തീരാദുഖം. അവളെ പിടിച്ച് ഞാൻ സത്യം ചെയ്യുന്നു ജിനേഷിനെ ഞാൻ തല്ലിയിട്ടില്ല...’’ ബിനു പറയുന്നു.






