
പണം ആവശ്യമായ ഘട്ടങ്ങളില്‍ ഒരു ലോട്ടറിയടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. എന്നാല്‍ ആ ഭാഗ്യം വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ കിട്ടാറുള്ളു എന്നതാണ് വാസ്തവം. എന്തായാലും സ്റ്റാഫോര്‍ഡ്ഷെയറിലെ ടാംവര്ത്തില് നിന്നുള്ള പിസ്സ ഡെലിവറി ഡ്രൈവറായ മാരിയസ് പ്രെഡയ്ക്ക് ആ ഭാഗ്യം ലഭിച്ചു. ഇതില്‍ ഇത്ര അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ പറഞ്ഞുവരുന്നത് മറ്റൊരു കാര്യത്തെക്കുറിച്ചാണ്. ഇരത വലിയ ഒരു തുക ലോട്ടറിയടിച്ചിട്ടും മാരിയസ് തന്റെ ജോലി ഉപേക്ഷിക്കാന്‍ തയ്യാറാകാഞ്ഞതാണ് ആളുകളെ അമ്പരപ്പിച്ചത്.
ബെസ്റ്റ് ഓഫ് ദ ബെസ്റ്റില്‍ നിന്നും കഴിഞ്ഞ മാസമാണ് മാരിയസിന് 5 കോടി രൂപ സമ്മാനമടിച്ചത്. മാരിയസിന്റെ വാര്‍ഷിക വരുമാനത്തിന്റെ 200 മടങ്ങ് വരും ഇത്. വര്‍ഷങ്ങളായി ഏകദേശം ഒരു മണിക്കൂറിന് $12 (മണിക്കൂറിന് 1272 രൂപ) വേതനത്തില്‍ പപ്പാ ജോണിന് വേണ്ടി ഇയാള്‍ പിസ്സ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ അതിനിടയിലാണ് അഞ്ച് കോടി രൂപ മാരിയസിന് ലോട്ടറിയടിച്ചത്. 28-കാരനായ മാരിയസ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ലോട്ടറിയടിച്ച വാര്‍ത്തയറിഞ്ഞ ഉടനെ താന്‍ ആശ്ചര്യപ്പെട്ടുപോയി എന്നും സന്തോഷത്താല്‍ മതിമറന്നുപോയി എന്നുമാണ് മാരിയസ് പറയുന്നത്.
സമ്മാനമടിച്ച തുക കൊണ്ട് ഒരു വീട് വാങ്ങാനും ഒരു യാത്ര പോകാനുമാണ് താന്‍ പ്ലാന്‍ ചെയ്തത് എന്ന് മാരിയസ് പറയുന്നു. 2019 ലാണ് നല്ല ജീവിത സാഹചര്യം തേടിമാരിയസ് തന്റെ ജന്മനാടായ റൊമാനിയയില്‍ നിന്നും യുകെയിലേക്ക് എത്തുന്നത്. റൊമാനിയയിലേക്കുള്ള ഒരു യാത്രയും താന്‍ ആലോചിക്കുന്നുണ്ട്. എന്നും മാരിയസ് പറയുന്നു. എങ്കിലും അഞ്ച് കോടി രൂപ ലോട്ടറിയടിച്ചെങ്കിലും തന്റെ പിസ ഡെലിവറി ജോലി വിടാന്‍ മാരിയസ് ഒരുക്കമല്ല. ലോട്ടറിയടിച്ച വാര്‍ത്തയറിഞ്ഞതിന്റെ പിറ്റേ ദിവസവും രാവിലെ മാരിയസ് ജോലിക്ക് കൃത്യമായി എത്തി. വര്‍ഷം 26 ലക്ഷം രൂപയോളം മാരിയസിന് ഈ ജോലിയില്‍ നിന്നും കിട്ടും. ഏതായാലും തന്റെ ജോലി തുടരാന്‍ തന്നെയാണ് മാരിയസ് തീരുമാനിച്ചിരിക്കുന്നത്.






